പരിശോധനയും ചികിത്സയും തുടരും. നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചു. 

ബാഴ്‌സലോണ: ഗുരുതര ഹൃദ്രോഗം കാരണം ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബാഴ്‌സലോണയുടെ(Barcelona FC) അര്‍ജന്‍റീനന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ(Sergio Aguero). ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സകള്‍ പുരോഗമിക്കുന്നതായും തീരുമാനത്തിനായി മൂന്ന് മാസം കാത്തിരിക്കുമെന്നും ബാഴ്‌സ താരം ട്വീറ്റ് ചെയ്‌തു.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ജീവശ്വാസത്തിന്‍റെ മറുപേരായിരുന്നു ഒരുകാലത്ത് സെർജിയോ അഗ്യൂറോ. പ്രീമിയർ ലീഗിൽ ക്ലബിന്‍റെ ആദ്യ കിരീടം അഗ്യൂറോയുടെ അവിസ്‌മരണീയ ഗോളിന്‍റെ സമ്മാനമായിരുന്നു. 10 വർഷത്തിനിടെ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടമടക്കം 15 കിരീടങ്ങൾ നേടി. 260 ഗോളുകളുമായി സിറ്റിയുടെ റെക്കോർഡ് ഗോൾവേട്ടക്കാരനായി അഗ്യൂറോ.

ലിയോണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യൂറോ മെസിയുടെ കൂടെ നിര്‍ബന്ധത്തിലാണ് മാ‍ഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാർസയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്‌സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്‍റെ തുടക്കത്തിൽ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

മെസിയുടെ അഭാവത്തിൽ ബാഴ്‌സയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് കരുതിയപ്പോഴാണ് അഗ്യൂറോ പരിക്കിലും പിന്നാലെ ഹൃദയസംബന്ധമായ അസുഖത്തിന്‍റേയും പിടിയിലായത്. ഹൃദ്രോഗം സ്ഥിരീകരിച്ചതോടെ മൂന്ന് മാസത്തെ ചികിത്സയാണ് നിലവിൽ ഡോക്‌ടർമാർ നിർദേശിച്ചത്. താരത്തിന് കളിക്കളത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കേണ്ടിവരുമെന്ന് ചില സ്‌പാനിഷ് മാധ്യമങ്ങള്‍ ആദ്യം റിപ്പോർട്ട് ചെയ്‌തിരുന്നു.

എന്നാൽ ഡോക്‌ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അഗ്യൂറോ ട്വീറ്റ് ചെയ്തു. പരിശോധനയും ചികിത്സയും തുടരും. നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചു. ലോകകപ്പ് ഒരുക്കത്തിനിടെ അഗ്യൂറോ ടീമിലില്ലാത്തത് അർജന്‍റീനയ്ക്കും തിരിച്ചടിയാണ്. ലോകകപ്പ് യോഗ്യതയ്‌ക്ക് തൊട്ടരികെയാണ് അര്‍ജന്‍റീന. 

Scroll to load tweet…

ഉറ്റ സുഹൃത്ത് ലിയോണൽ മെസിക്കൊപ്പം കോപ്പ അമേരിക്കയിലും ലോകകപ്പ് ഫൈനലിലും കലാശപ്പോരിൽ വീണപ്പോൾ ഒരറ്റത്ത് കണ്ണീരോടെ സെര്‍ജിയോ അഗ്യൂറോയുണ്ടായിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷവും താരത്തിന് കളിക്കളത്തിലേക്ക് ഉടൻ മടങ്ങാനാകില്ലെന്നാണ് റിപ്പോർട്ട്. സീസണില്‍ ഒരേയൊരു ഗോളാണ് അഗ്യൂറോ ബാഴ്സ കുപ്പായത്തില്‍ നേടിയത്. റയോ വല്ലേക്കാനോക്കെതിരെ മാത്രമാണ് സീസണില്‍ അഗ്യൂറോ 90 മിനിറ്റും ബാഴ്സയില്‍ കളിച്ചത്.

Sergio Aguero‌|സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്