
ബാഴ്സലോണ: പുതിയ സീസണിനായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ഒരുക്കം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്‌സലോണ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ലിയോണല്‍ മെസി ക്ലബില്‍ തുടരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയ സന്തോഷത്തിലാണ് മെസി.
എന്നാല്‍ ബാഴ്‌സലോണ ആരാധകരുടെ ആശങ്കകള്‍ കൂടുകയാണ്. ജൂണ്‍ മുപ്പതിന് ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിച്ച മെസി കാംപ് നൗവില്‍ തിരിച്ചെത്തില്ലേ എന്നാണ് ആരാധകരുടെ ആശങ്ക. നിലവിലെ പ്രതിഫലം വെട്ടിക്കുറയ്ക്കാതെ പുതിയ കരാര്‍ സാധ്യമല്ലെന്ന് ലാലീഗ അധികൃതര്‍ ആവര്‍ത്തിക്കുന്നതും പ്രതിസന്ധിയാണ്.
കോപ്പ സ്വന്തമാക്കാന്‍ ചോരചിന്തിയ മെസി ഇതുവരെ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതേസമയം, പുതിയ സീസണിനായി കോച്ച് റൊണാള്‍ഡ് കൂമാന് കീഴില്‍ ബാഴ്‌സലോണ താരങ്ങള്‍ പരിശീലനം തുടങ്ങി. യൂറോകപ്പിലും കോപ്പ അമേരിക്കയിലും കളിച്ച താരങ്ങള്‍ ഇല്ലാതെയാണ് പ്രീ സീസണ്‍ ക്യാന്പിന് തുടക്കമായത്.
ടോക്യോ ഒളിംപിക്‌സിന് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളും ഉടന്‍ ടീമിനൊപ്പം ചേരില്ല. ടെര്‍സ്റ്റഗന്‍, ഡെസ്റ്റ്, പിക്വേ, പ്യാനിച്, ഡെംബലേ, കുടീഞ്ഞോ, സെര്‍ജി റോബര്‍ട്ടോ, ഉംറ്റിറ്റി തുടങ്ങിയവര്‍ ക്യാംപിലെത്തി. അന്‍സു ഫാറ്റി ഉടനെ ടീമിനൊപ്പം ചേരും. ഈമാസം ഇരുപത്തിയൊന്നിനാണ് ആദ്യ സന്നാഹമത്സരം. ഓഗസ്റ്റ് പതിനഞ്ചിന് റയല്‍ സോസിഡാഡിനെതിരെയാണ് ലാ ലീഗയില്‍ ബാഴ്‌സലോണയുടെ ആദ്യമത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!