സീരി എയില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങുന്നു

By Web TeamFirst Published Mar 15, 2021, 10:27 AM IST
Highlights

അവസാന രണ്ട് കളിയും തോറ്റ ലിവപൂള്‍ 43 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍. 35 പോയിന്റുള്ള വോള്‍വ്‌സ് പതിമൂന്നാം സ്ഥാനത്തും. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് വോള്‍വ്‌സിനെ നേരിടും. രാത്രി ഒന്നരയ്ക്ക് വോള്‍വ്‌സിന്റെ മൈതാനത്താണ് മത്സരം. അവസാന രണ്ട് കളിയും തോറ്റ ലിവപൂള്‍ 43 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍. 35 പോയിന്റുള്ള വോള്‍വ്‌സ് പതിമൂന്നാം സ്ഥാനത്തും. 

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ഇന്ന് ഹ്യൂയസ്‌കയെ നേരിടും. രാത്രി ഒന്നരയ്ക്ക് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവിലാണ് മത്സരം. ഹ്യൂയസ്‌കയെ തോല്‍പിച്ചാല്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സയ്ക്ക് രണ്ടാം സ്ഥാനത്തെത്താം. നിലവില്‍ റയലിന് 57ഉം ബാഴ്‌സയ്ക്ക് 56ഉം പോയിന്റുള്ളത്. 63 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 

ടോട്ടന്‍ഹാമിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ടോട്ടനത്തിന് തോല്‍വി. ആഴ്‌സണല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ടോട്ടനത്തെ തോല്‍പിച്ചു. എറിക് ലമേലയുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനത്തിന്റെ തോല്‍വി. മുപ്പത്തിമൂന്നാം മിനിറ്റിലായിരുന്നു ലമേലയുടെ ഗോള്‍. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ ആഴ്‌സണല്‍ സമനില നേടി. ഇരുപത്തിനാലാം മിനിറ്റില്‍ നായകന്‍ ലകാസെറ്റെയാണ് വിജയഗോള്‍ നേടിയത്. ലേമല എഴുപത്തിയാറാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ടോട്ടനത്തിന് തിരിച്ചടിയായി. 41 പോയിന്റുമായി ആഴ്‌സണല്‍ പത്താമതും 45 പോയിന്റുമായി ടോട്ടനം ഏഴും സ്ഥാനത്തും തുടരുകയാണ്. 

മറ്റൊരു മത്സരത്തില്‍ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന പോരില്‍ വെസ്റ്റ് ഹാം താരം ഡൗസന്റെയുടെ സെല്‍ഫ് ഗോളിലായിരുന്നു വിജയം. മത്സരത്തിന്റെ 53-ാം മൂന്നാം മിനിറ്റിലായിരുന്നു ഗോള്‍. ജയത്തോടെ യുണൈറ്റഡ് വീണ്ടും പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 29 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. 71 പോയിന്റുള്ള സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്.

സീരി എയില്‍ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്ക്

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളിന് കാഗ്ലിയാരിയെ തോല്‍പിച്ചു.ചാംപ്യന്‍സ് ലീഗില്‍ നിന്ന് യുവന്റസ് പുറത്തായതിന് പിന്നാലെ റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിമര്‍ശകര്‍ക്കെല്ലാം 10, 25, 32 മിനിറ്റുകളിലെ ഗോളിലൂടെയാണ് റൊണാള്‍ഡോ മറുപടി നല്‍കിയത്. 55 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാന്പ്യന്‍മാരായ യുവന്റസ്. 

click me!