
പാരീസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. ലിലിയെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഡാനിലോ പെരേര ഇരട്ട ഗോള്‍ നേടി. ഒരു ഗോളും അസിസ്റ്റുമായി ലിയോണല്‍ മെസിയും ഫോമിലേക്ക് തിരിച്ചെത്തി. കിംബെബെ, കിലിയന്‍ എംബാപ്പെ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. ബോട്മാനാണ് ലിലിയുടെ ആശ്വാസ ഗോള്‍ നേടിയത്. 23 കളിയില്‍ 56 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.
ബാഴ്‌സലോണ അത്‌ലറ്റികോയെ തകര്‍ത്തു
സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വമ്പന്‍ പോരാട്ടത്തില്‍ എഫ് സി ബാഴ്‌സലോണയക്ക് ജയം. ബാഴ്‌സലോണ രണ്ടിനെതിരെ നാല് ഗോളിന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചു. യാനിക് കരാസ്‌കോയിലൂടെ മുന്നിലെത്തിയ ശേഷമാണ് അത്‌ലറ്റിക്കോയുടെ തോല്‍വി. ജോര്‍ഡി ആല്‍ബ, ഗാവി, റൊണാള്‍ഡ് അറൗഹോ, ഡാനി ആല്‍വസ് എന്നിവരായിരുന്നു ബാഴ്‌സയുടെ ഗോളുകള്‍. ലൂയിസ് സുവാരസാണ് അത്‌ലറ്റികോയുടെ രണ്ടാം ഗോള്‍ നേടി.
69-ാം മിനിറ്റില്‍ ഡാനില്‍ ആല്‍വസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്‌സ പത്തുപേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. കാംപ്നൗവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സയുടെ തോല്‍വി അറിയാത്ത തുടര്‍ച്ചയായ പതിനാറാം ലാ ലീഗ മത്സരമാണിത്. ജയത്തോടെ ബാഴ്‌സ 38 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. 36 പോയിന്റുള്ള അത്‌ലറ്റിക്കോ അഞ്ചാം സ്ഥാനത്തായി.
റയല്‍ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് ഗ്രാനഡയെ മറികടന്നു. 74ആം മിനിറ്റില്‍ അസന്‍സിയോ ആണ് സ്‌കോര്‍ ചെയ്തത്. 23 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുന്നേറ്റം തുടരുകയാണ് റയല്‍. രണ്ടാംസ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ ആറുപോയിന്റ് മുന്നിലാണ് റയല്‍.
എഫ്എ കപ്പില്‍ ലിവര്‍പൂളിന് ജയം
എഫ് എ കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് ജയം. ലിവര്‍പൂള്‍ നാലാം റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് കാര്‍ഡിഫ് സിറ്റിയെ തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളും. 53-ാം മിനിറ്റില്‍ ഡിയേഗോ ജോട്ട സ്‌കോറിംഗിന് തുടക്കമിട്ടു. പത്ത് മിനിറ്റിന് ശേഷം തകൂമി മിനാമിനോ ലീഡുയര്‍ത്തി. 76-ാം മിനിറ്റില്‍ ഹാര്‍വി എലിയറ്റാണ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക തികച്ചത്. റൂബിന്‍ കോള്‍വില്ലായിരുന്നു കാര്‍ഡിഫിന്റെ ആശ്വാസഗോള്‍ നേടിയത്.