ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബയേണില്‍ വരില്ല; വാര്‍ത്തകള്‍ തള്ളി ബയേണ്‍ കോച്ച് ജൂലിയന്‍ നെഗല്‍സ്മാന്‍

By Web TeamFirst Published Jul 18, 2022, 12:03 PM IST
Highlights

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നല്ല കാലമല്ലെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞസീസണിലും ഗോളടിക്ക് കുറവൊന്നുമുണ്ടായില്ല. ടീം ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് പുറത്തായതോടെയാണ് യുണൈറ്റഡ് വിടാന്‍ റൊണാള്‍ഡോ തീരുമാനിച്ചത്.

മ്യൂനിച്ച്: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ (Manchester United) നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജര്‍മന്‍ ക്ലബ്ബിന്റെ പരിശീലകന്‍ ജൂലിയന്‍ നെഗല്‍സ്മാന്‍ (Julian Nagelsmann). നേരത്തെ, ടീം സിഇഒ ഒളിവര്‍ കാനും വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരുന്നു. ചെല്‍സി (Chelsea), പിഎസ്ജി, റോമ എന്നീ ടീമുകളും ക്രിസ്റ്റിയാനോയെ വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ സൗദി ക്ലബില്‍ നിന്നുള്ള ഓഫര്‍ താരം തള്ളുകയും ചെയ്തു. 

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നല്ല കാലമല്ലെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞസീസണിലും ഗോളടിക്ക് കുറവൊന്നുമുണ്ടായില്ല. ടീം ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് പുറത്തായതോടെയാണ് യുണൈറ്റഡ് വിടാന്‍ റൊണാള്‍ഡോ തീരുമാനിച്ചത്. വിവിധ ക്ലബ്ബുകളുമായി ചര്‍ച്ച തുടങ്ങിയെങ്കിലും ഒന്നും കരാറിലെത്തിയില്ല. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ വിട്ടതോടെ ജര്‍മന്‍ ലീഗില്‍ പന്ത് തട്ടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെത്തുമെന്ന് വാര്‍ത്തകള്‍ പരന്നു. എന്നാല്‍ അത്തരമൊരു നീക്കമില്ലെന്ന് വ്യക്തമാക്കുകയാണ് ബയേണ്‍ സിഇഒ ഒളിവര്‍ കാന്‍.

ക്രിസ്റ്റ്യാനേയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹം മികച്ച താരമാണ്. എന്നാല്‍ ഓരോ ടീമിനും ഓരോ രീതികളുണ്ടെന്നും നിലവില്‍ റൊണാള്‍ഡോ ടീമിലെത്തുന്നത് ബയേണിന് ഗുണമാകില്ലെന്നും ഒളിവര്‍ കാന്‍ പറഞ്ഞു. റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പരിശീലകന്‍ ജൂലിയന്‍ നെഗല്‍സ്മാനും തള്ളി. അതേസമയം, ക്രിസ്റ്റിയാനോ തന്റെ ആദ്യകാല ക്ലബായ സ്‌പോര്‍ടിംഗ് ലിസ്ബണിലേക്ക് ലോണില്‍ പോവുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ സീസണില്‍ റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന നിലപാടിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗ്. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം നിരവധി ട്രോഫികള്‍ നേടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

click me!