
മിലാന്‍: സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (Zlatan Ibrahimovic) എസി മിലാനില്‍ തുടരും. കരാര്‍ ഒരു വര്‍ഷം കൂടി നീട്ടാന്‍ താരവും ക്ലബ്ബും ധാരണയിലായി. പ്രായമേറുംതോറും വീര്യം കൂടുന്ന വീഞ്ഞാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. അത്യുജ്വല ഗോളുകളോടെ കളം നിറയുന്ന പോരാളി. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണില്‍ എസി മിലാന്‍ (AC Milan) ഇറ്റാലിയന്‍ കിരീടം തലയിലേറ്റിയപ്പോള്‍ സ്ലാട്ടന്‍ കളത്തിലും പുറത്തും ടീമിന്റെ കരുത്തായി നിന്നു.
പരിക്കേറ്റ് നിരവധി മത്സരങ്ങള്‍ നഷ്ടമായെങ്കിലും സീസണില്‍ നേടിയത് എട്ട് ഗോളുകളും മൂന്ന് അസിസ്റ്റും. അടുത്ത ഒക്ടോബറില്‍ 41 തികയുമെങ്കിലും സ്വീഡിഷ് വെറ്ററന്‍ താരത്തെ നിലനിര്‍ത്താനാണ് എസി മിലാന്റെ തീരുമാനം. ഒന്നര ദശലക്ഷം യൂറോയോളമായിരിക്കും പ്രതിഫലം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം കൂട്ടാനും ധാരണയുണ്ട്. എല്ലാ മത്സരത്തിലും കളിപ്പിക്കാനാകില്ലെങ്കിലും ഡ്രസിംഗ് റൂമില്‍ സ്ലാട്ടന്റെ സാന്നിധ്യം ഏറെ പ്രധാനമാണെന്ന് മിലാന്‍ കോച്ച് സ്റ്റെഫാനോ പിയോളി കരുതുന്നു.
2010-12 കാലത്ത് സ്ലാട്ടന്‍ എസി മിലാനില്‍ കളിക്കുമ്പോഴും ടീം സെരിഎ കിരീടം നേടിയിരുന്നു. അയാക്‌സ്, യുവന്റസ്, ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുക്കായെല്ലാം പന്തുതട്ടിയ സ്ലാട്ടന്‍ അഞ്ഞൂറിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.
ലിസാന്‍ഡ്രോ മാര്‍ട്ടിനസ് യുണൈറ്റഡില്‍
അയാക്‌സ് താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ടീമിലെത്തിയത് സ്ഥിരീകരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 46 ദശലക്ഷം പൗണ്ടാണ് ട്രാന്‍സ്ഫര്‍ ഫീസ്.
സെന്‍ട്രല്‍ ഡിഫന്‍ഡറായ അര്‍ജന്റൈന്‍ താരം അഞ്ച് വര്‍ഷത്തേക്കാണ് കരാറിലെത്തിയിരിക്കുന്നത്. പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗ് ടീമിലെത്തിയ ശേഷമുള്ള മൂന്നാമത്തെ സൈനിംഗാണ് മാര്‍ട്ടിനസിന്റേത്.
ഡിലൈറ്റ് ബയേണില്‍
നെതര്‍ലന്‍ഡ്‌സ് താരം മത്തിയാസ് ഡിലൈറ്റ് ബയേണ്‍ മ്യൂണിക്കിലേക്ക്. 80ദശലക്ഷം യൂറോയ്ക്ക് കരാറിലെത്താന്‍ ഇരുടീമുകളും തമ്മില്‍ ധാരണയായി. അഞ്ച് വര്‍ഷത്തേക്കാകും കരാര്‍.