
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിക്കും സംഘത്തിനുമായിരുന്നു ആധിപത്യം. എന്നാല്‍ ഗോള്‍ നേടാന്‍ 87-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അലന്‍ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം എമില്‍ ബെന്നി ഐഎസ്എല്‍ അരങ്ങേറ്റം നടത്തി.
17 ഷോട്ടുകളാണ് ബംഗളൂരു താരങ്ങള്‍ പായിച്ചത്. എന്നാല്‍ ഒരു ഷോട്ട് മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പറെ പരീക്ഷിച്ചത്. നോര്‍ത്ത് ഈസ്റ്റ് ആറ് ഷോട്ടുകളുതിര്‍ത്തു. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന് ഇടപെടേണ്ടി വന്നത്. എന്നാല്‍ മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിരിക്കെ അലന്‍ കോസ്റ്റ ബംഗളൂരുവിന്റെ ഗോള്‍ നേടി. 90-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
പരിക്കേറ്റ ദീപക് ചാഹറിന് പകരം പരിക്കുമാറി വരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍; ബിസിസിഐക്ക് ട്രോള്‍
ബംഗളൂരു വിജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വ്യത്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെയാണ് തോല്‍പ്പിച്ചത്. 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. ഹര്‍മന്‍ജോത് ഖബ്രയുടെ ഓവര്‍ഹെഡ് പാസില്‍ നിന്നായിരുന്നു ലൂണ ലക്ഷ്യം കണ്ടത്.
82ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. 87ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ട് മിനിറ്റിനകം യുക്രൈന്‍ മിസൈലിനെ അനുസ്മരിപ്പിക്കുന്ന ലോംഗ് റേഞ്ചറിലൂടെ ഇവാന്‍ കലിയുസ്നി ബ്ലാസ്റ്റേഴ്‌സിന്റെ ജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി. ആദ്യ ഗോളടിച്ചശേഷം കോച്ച് ഇവാന്‍ വുകാമനോവിച്ചിന് കീഴില്‍ കളി തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ജയത്തോടെ ബ്ലാസ്റ്റേഴ്‌സിനായി.