
കൊച്ചി: ഐഎസ്എല്ലിന്‍റെ ഒന്‍പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കിട്ടിയത് ഗംഭീര തുടക്കം. ഇവാൻ കലിയൂഷ്നിയെന്ന താരോദയം ആദ്യ മത്സരത്തിൽ ആരാധകരുടെ മനംനിറച്ചു. ഒട്ടനവധി ആരാധകരെയാണ് ആദ്യ മത്സരം കൊണ്ടുതന്നെ താരം സ്വന്തമാക്കിയത്. കലിയൂഷ്നിക്ക് 24 വയസ് മാത്രമാണ് പ്രായം.
ആദ്യ മത്സരത്തിന്‍റെ താളംതെറ്റലെല്ലാം ഒന്നാംപാതിയിൽ കണ്ടു. ഒത്തിണിക്കമില്ലാത്ത താരങ്ങളും ലക്ഷ്യം തെറ്റിയ മുന്നേറ്റങ്ങളും ചെറുതായെന്ന് പേടിപ്പിച്ചു. ആരാധകരുടെ ആരവങ്ങൾക്കും കളിയിൽ മാറ്റമുണ്ടാക്കാനായില്ല. രണ്ടാംപാതിയിൽ കണ്ടത് അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിനെയായിരുന്നു. പ്ലേമേക്കർ അഡ്രിയൻ ലൂണയുടെ കാലിൽ തന്നെയായിരുന്നു ഇത്തവണയും കളിയുടെ കടിഞ്ഞാൺ. ലൂണയുടെ ഗോൾ കളിയുടെ താളവും വേഗവും മാറ്റി. ഇവാൻ വുകോമനോവിച്ചിന്‍റെ സബ്സ്റ്റിറ്റ്യൂഷനുകൾ ഈസ്റ്റ് ബംഗാളിന്‍റെ കഥകഴിച്ചു. ശാരീരിക മികവ് കൃത്യമായി ഉപയോഗിക്കുന്ന ഇവാൻ കലിയൂഷ്‌നി ബ്ലാസ്റ്റേഴ്‌സിന് മുതൽക്കൂട്ടാവുമെന്നുറപ്പ്.
മുന്നേറ്റനിരയിലെ പുതിയ കൂട്ടുകെട്ടായ അപ്പോസ്തലോസ് ജിയാനു- ദിമിത്രിയോസ് ഡമയന്റക്കോസ് സഖ്യം പ്രതീക്ഷയുടെ അടുത്തുപോലും എത്തിയില്ലെങ്കിലും മൂന്ന് ഗോൾ ജയം ബ്ലാസ്റ്റേഴ്സിനും വുകോമനോവിച്ചിനും ആരാധകർക്കും നൽകുന്ന ആശ്വാസവും സന്തോഷവും ഏറെയാണ്.
നിറംമങ്ങിയ ആദ്യപകുതിക്ക് ശേഷം ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ജയം കേരള ബ്ലാസ്റ്റേഴ്‌സ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നേടുകയായിരുന്നു. കൊച്ചിയിലെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനായി സൂപ്പര്‍സബ് ഇവാൻ കലിയൂഷ്‌നി ഇരട്ട ഗോളുമായി മിന്നും ജയമൊരുക്കുകയായിരുന്നു. 16-ാം തിയതി എടികെ മോഹൻ ബഗാനാണ് അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. കൊവിഡ് ഇടവേളയ്ക്ക് ശേഷം കൊച്ചിയിലേക്ക് ഹോം മത്സരം തിരിച്ചെത്തിയപ്പോള്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ആരാധകര്‍ക്ക് മുന്നിലാണ് മത്സരം നടന്നത്.
ആശാന്‍ വേറെ ലെവല്‍; വുകാമനോവിച്ചിന്‍റെ തന്ത്രങ്ങൾക്ക് 100 മാർക്കെന്ന് ഐ എം വിജയൻ