ബംഗളൂരു എഫ്‌സിയുടെ ഔദ്യോഗിക പേജില്‍ ബ്ലാസ്‌റ്റേഴ്‌സിന് മലയാളത്തില്‍ ട്രോള്‍; മറുപടിയുമായി ആരാധകര്‍

By Web TeamFirst Published Sep 16, 2021, 4:02 PM IST
Highlights

ഇന്നലെ ഡ്യൂറന്റ് കപ്പില്‍ ഇരു ടീമുകളും നേര്‍ക്കുന്നേര്‍ വന്നു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. മൂന്ന് ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ട് പേരുമായിട്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്.

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി ശത്രുത പ്രസിദ്ധമാണ്. ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ വാക്‌പോരിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും സജീവമാവാറുണ്ട്. രണ്ട് ടീമിന്റെ ആരാധകരും പരസ്പരം ട്രോളും പരിഹാസവുമായി കളം പിടിക്കും.

ഇന്നലെ ഡ്യൂറന്റ് കപ്പില്‍ ഇരു ടീമുകളും നേര്‍ക്കുന്നേര്‍ വന്നു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. മൂന്ന് ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ട് പേരുമായിട്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്. നാംഗ്യാല്‍ ബൂട്ടിയ, മലയാളിയായ ലിയോണ്‍ അഗസ്റ്റിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്റെ റിസര്‍വ് ടീമാണ് ഡ്യൂറന്റ് കപ്പില്‍ കളിച്ചതും. 

ഈ തോല്‍വിയോടെ വീണ്ടും പരിഹാസവുമായി എത്തിയിരിക്കുകയാണ് ബംഗളൂരു എഫ്‌സി. തങ്ങളുടെ ഔദ്യോഗിക പേജില്‍ മലയാള പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചാണ് ബംഗളൂരു എഫ്‌സി ഇത്തവണ പരിഹസിച്ചത്. ''ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു ബെംഗളുരുവിന്റെ യുവതാരങ്ങള്‍ക്ക് തകര്‍പ്പന്‍ ജയം.'' എന്ന ക്യാപ്ഷനും മലയാളിത്തില്‍ നല്‍കിയിട്ടുണ്ട്.

എന്തായാലും ഈ ട്രോള്‍ മലയാളികളായ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അത്ര ഇഷ്ടമായില്ല. അതും മലയാളത്തില്‍ ട്രോളിയത്. പോസ്റ്റിന് താഴെ തെറിവിളികളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മുമ്പ് ഐഎസ്എല്ലില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചതിന്റെ തെളിവുകളും നിരത്തുന്നുണ്ട്. ഇതിനുള്ള മറുപടി വരുന്ന ഐഎസ്എല്ലില്‍ തരാമെന്ന് മറ്റൊരു കൂട്ടര്‍.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് 21ന് ഡല്‍ഹി എഫ്‌സിയെ നേരിടും. നാലു ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ മാത്രമാണ് ക്വാര്‍ട്ടറിലെത്തുക.

click me!