ചലനമറ്റ പന്തിനെ പ്രണയിച്ചവര്‍; ബെക്കാമും കാര്‍ലോസും മുതല്‍ സിആര്‍ 7 വരെ, ലോകകപ്പിലെ ഫ്രീകിക്കിന്‍റെ ചാരുത

By Vandana PRFirst Published Nov 30, 2022, 1:49 PM IST
Highlights

ഇനിയും വരും സുന്ദരമായ ഫ്രീകിക്ക് ഗോളുകൾ. തലമുറകൾക്ക് കൈമാറാൻ ചരിത്രശേഖരത്തിൽ അവയും ഇടംപിടിക്കും. 

ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ആദ്യത്തെ ഫ്രീകിക്ക് പിറന്നത് ടൂർണമെന്‍റ് തുടങ്ങി ഒരാഴ്ചയായപ്പോഴാണ്.  മൊറോക്കോയുടെ അബ്‍ദുള്‍ ഹമീദ് സാബിരിയുടെ പേരിലാണ് അത് കുറിക്കപ്പെട്ടത്. ബെൽജിയത്തിന്റെ ലോകോത്തര ഗോളി തിബോ ക്വോർട്ടോയെ മറികടന്നിട്ടായിരുന്നു സാബിരിയുടെ കിക്ക് ഗോളായത്. ഫ്രീ കിക്കുകൾ മനോഹരമായ ഗോളുകളിലെക്ക് എത്തുന്നത് ലോകകപ്പ് ഫുട്ബോളിൽ ഒരു പുതുമയല്ല, പക്ഷേ സ്ഥിരം പതിവല്ല.  

സാബിരിയുടെ മുന്നേ ലോകകപ്പ് വേദിയിൽ പിറന്ന ചില അതിമനോഹര ഫ്രീകിക്കുകളെ കുറിച്ച് പറയാം. ഗോളുകളുടെ സൗന്ദര്യത്തിനാൽ ലോകകപ്പ് ചരിത്രത്തിൽ തന്നെ അവിസ്മരണീയമായ ചില ഗോളുകൾ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സുന്ദരമെന്ന് വലിയൊരു വിഭാഗം നിരൂപകർ വാഴ്ത്തുന്ന ഫ്രീകിക്ക് ഗോൾ പിറന്നത് 1978ലാണ്. സ്കോട്ട്ലൻ‍ഡിന് എതിരെ പെറുവിന്റെ സ്വന്തം ഫുട്ബോൾ ഇതിഹാസം തിയോഫിലോ കുബിയാസ് ആണ് അന്ന് ആ ഗോളടിച്ചത്. പുറംകാൽ കൊണ്ട് കുബിയാസ് അടിച്ച പന്ത് പോസ്റ്റിനടുത്തൊന്ന് വട്ടംകറങ്ങി ഇടതു കോർണറിലേക്ക് പറന്നിറങ്ങി.

ഓസ്ട്രിയക്ക് എതിരെ 1982ൽ ബെർനാർഡ് ജെൻഗിനി അടിച്ച ഗോൾ ഫ്രാൻസിന്‍റെ ജയം ഉറപ്പിക്കുന്നതായിരുന്നു. ഒപ്പം ചരിത്രത്തിൽ ആ പേര് എന്നത്തേക്കുമായി രേഖപ്പെടുത്തുകയും ചെയ്തു. 1998ൽ കാമറൂണിനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ ചിലിയുടെ ഹോസെ ലൂയിസ് സിയേറ നേടിയ ഫ്രീകിക്ക് ഗോളും അത്തരമൊന്നായിരുന്നു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ജനപ്രിയതാരങ്ങളിൽ ഒരാളായ ഡേവിഡ് ബെക്കാം അക്കുറി വരവറിയിച്ചതും ഒരു ഫ്രീകിക്ക് ഗോളോടെയാണ്. കൊളംബിയക്ക് എതിരെയുള്ള മത്സരത്തിലായിരുന്നു ബെക്കാം കലക്കിയത്. പിന്നീട് ബെൻഡ് ഇറ്റ് ലൈറ്റ് ബെക്കാം എന്ന് തന്നെയായി ഫ്രീകിക്കുമായി താരത്തിനുള്ള അപൂർവ ബന്ധം. 

2002ലെ ലോകകപ്പ് സമ്മാനിച്ച അവിസ്മരണീയ മുഹൂർത്തങ്ങളിൽ മൂന്ന് ഫ്രീകിക്ക് ഗോളുമുണ്ട്. റോബർട്ടോ കാർലോസ്   ചൈനക്ക് എതിരെ  നേടിയ ഗോളാണ് അതിലൊന്ന്. മുന്നിൽ നിൽക്കുന്ന ചൈനീസ് വൻമതിലിനെ പിളർന്ന് നേടിയ ഗോൾ. കൂട്ടുകാരൻ റൊണാൾഡീഞ്ഞോയും താനെത്തി എന്നുറക്കെ ലോകത്തോട് പറഞ്ഞതും ചരിത്രത്തിൽ തന്‍റെ പേരും എഴുതിച്ചേർത്തതും അതേ ലോകകപ്പിലാണ്. ഇംഗ്ലണ്ടിന് എതിരെ ക്വാർട്ടർ ഫൈനലിൽ പിറന്ന ഇലവീഴും കിക്ക് ഇനി ഫുട്ബോളുള്ള കാലത്തോളം നിലനിൽക്കും. അതേ ലോകകപ്പ് വേദിയിൽ നിന്ന് തന്നെ ബ്രസീലിന്റെ വകയല്ലാത്ത ഒരു സുന്ദരഫ്രീകിക്ക് ഗോൾ കൂടിയുണ്ട്. പരാഗ്വയുടെ ഫ്രാൻസിസ്കോ ആർസെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ ഗോളാണത്. 2006 ബാക്കിവെച്ച ഫ്രീകിക്ക് സൗന്ദര്യക്കാഴ്ച റോബിൻ വാൻപേഴ്സിയുടെ വകയാണ്.

ഐവറി കോസ്റ്റിന് എതിരെ പോസ്റ്റ് ഭേദിച്ചെത്തിയ ആ ഗോൾ ആരാധകരുടെ മനസുകളില്‍ ഇന്നും ജീവിക്കുന്നു. 2018ൽ സ്പെയിനിന് എതിരെ മൂന്നാമത്തെ ഗോൾ , ലോകകപ്പ് വേദിയിലെ തന്റെ ഹാട്രിക് ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കിയത് അതിമനോഹരമായ ഫ്രീകിക്കോടെയായിരുന്നു. ഫ്രീകിക്ക് ഗോളാക്കിയവരുടെ കണക്കെടുത്താൽ അതിൽ മുന്നിൽ ബ്രസീലിന്‍റെ താരങ്ങളാണ്. ആദ്യം മജീഷ്യന്‍ ജെനീൻ പെന്നാംബുക്കാനോ തന്നെ.  

രണ്ടാമൻ ഇതിഹാസം പെലെയാണ്. മൂന്നാമൻ അർജന്‍റീനയുടെ വിക്ടർ ലെഗ്രോടാഗലി. നാലാമൻ വീണ്ടും ബ്രസീലിൽ നിന്ന് തന്നെയാണ്, സാക്ഷാല്‍ റൊണാൾഡീഞ്ഞോ പിന്നെ ഫ്രീകിക്ക് ആശാനായി വാഴ്ത്തപ്പെട്ട ഡേവിഡ് ബെക്കാം എത്തുമ്പോള്‍ ആറാമൻ വാഴ്ത്തപ്പെട്ട മറഡോണ തന്നെ. കാവൽക്കാരെ പിന്നിലാക്കി ഫ്രീകിക്ക് ഗോളാക്കിയവരെ പറ്റി പറയുമ്പോള്‍ മറ്റൊരാളെക്കുറിച്ച് കൂടെ കുറിക്കാതെ പോകാനാവില്ല. 1998ലാണ് സംഭവം. ബൾഗേറിയയും പരാഗ്വെയും തമ്മിലാണ് മത്സരം. പരാഗ്വെക്ക് ഫ്രീകിക്ക് അനുവദിച്ചു. ആരെടുക്കും കിക്ക് എന്ന ചോദ്യത്തിനുത്തരം ഒരു ചരിത്രവുമായി, ഹോസെ ലൂയീസ് ചിലാവര്‍ട്ട് ചരിത്രപുരുഷനായി.

ലോകകപ്പ് ഫുട്ബോളിൽ ഫ്രീകിക്ക് എടുക്കുന്ന ആദ്യത്തെ ഗോൾകീപ്പർ ആയാണ് ചിലവര്‍ട്ട് മാറി. ഷോട്ട് സദ്രകോവ് തട്ടിയിട്ടെങ്കിലും അതിനൊരു വേറെ ചന്തമുണ്ടായിരുന്നു. അന്ന് പറ്റിയില്ലെങ്കിലും പിന്നെ ചിലാവര്‍ട്ട് നാടിനു വേണ്ടി ഗോൾവല കാത്തതിനൊപ്പം ഗോളുകളുമടിച്ചിട്ടുണ്ട്. ഇന്നലെ ഇംഗ്ലണ്ടിന്‍റെ റാഷ്ഫോര്‍ഡും ചലനമറ്റ ഒരു പന്തിനെ സുന്ദരമായി ഗോള്‍ വലയ്ക്കുള്ളില്‍ നിക്ഷേപിച്ചു. ഇനിയും വരും സുന്ദരമായ ഫ്രീകിക്ക് ഗോളുകൾ. തലമുറകൾക്ക് കൈമാറാൻ ചരിത്രശേഖരത്തിൽ അവയും ഇടംപിടിക്കും. 

'മെസി അങ്ങനെ ചെയ്യില്ല'; വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ഇതാ, പൂര്‍ണ പിന്തുണയുമായി ജേഴ്സി നൽകിയ മെക്സിക്കോ താരം
 

click me!