
ദില്ലി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 85 വർഷത്തിനിടെ ആദ്യമായി ഒരു മുൻതാരം പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. മുൻതാരങ്ങളായ ബൈച്ചുംഗ് ബൂട്ടിയയും കല്യാൺ ചൗബേയുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മോഹൻ ബഗാന്‍റെയും ഈസ്റ്റ് ബംഗാളിന്‍റേയും ഗോൾകീപ്പറായിരുന്ന ചൗബേ ബിജെപി പിന്തുണയോടെയാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും.
സംസ്ഥാന അസോസിയേഷനുകളുടെ 34 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുക. കെഎഫ്എ സെക്രട്ടറി പി അനിൽകുമാർ ഉൾപ്പടെ 14 പേർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻതാരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐ എം വിജയനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് മണിയോടെ തെരഞ്ഞെടുപ്പ് ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറർ, 14 എക്സിക്യൂട്ടീവ് അംഗങ്ങൾ, രണ്ട് വനിതകൾ ഉൾപ്പടെ ആറ് വൻതാരങ്ങൾ എന്നിവരടങ്ങിയതാവും പുതിയ ഭരണസിമിതി.
എഐഎഫ്‌എഫിന് പുതിയ കാലം
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ നടപടി ഫിഫ പിന്‍വലിച്ചതിന്‍റെ പിന്നാലെയാണ് എഐഎഫ്‌എഫിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 12 വർഷമായി അഖിലേന്ത്യാ ഫുട്ബോള്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചതിന് പിന്നാലെയായിരുന്നു ഫിഫ ഈ മാസമാദ്യം ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്. ദൈനംദിന കാര്യങ്ങൾ ഫെഡറേഷൻ കൈകാര്യം ചെയ്യുമ്പോൾ വിലക്ക് നീക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി പിരിച്ചുവിടുകയും ഫെഡറേഷന്‍റെ ഭരണ ചുമതല സുപ്രീം കോടതി താൽക്കാലിക സെക്രട്ടറി സുനന്ദോ ധറിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് ഫിഫയുടെ വിലക്ക് നീങ്ങിയതും ഫെഡറേഷനില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും.
ഇന്ത്യന്‍ ഫുട്ബോളിന് ആശ്വാസം; അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ സസ്പെന്‍ഷന്‍ ഫിഫ പിന്‍വലിച്ചു