
ലണ്ടന്‍: പണമൊഴുകിയ യൂറോപ്പിലെ ട്രാൻസ്‌ഫർ ജാലകം നാളെ അടയ്ക്കും. ലാ ലിഗയിൽ താരങ്ങളെ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഇന്നാണ്.
സംഭവബഹുലമായ സമ്മർ ട്രാൻസ്ഫർ ജാലകം അടയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഏറെ സര്‍പ്രൈസുകളും ട്വിറ്റുകളുമുണ്ടായിരുന്നു ഇക്കുറി. കിലിയൻ എംബാപ്പെയെ ടീമിലെത്തിക്കാൻ പണച്ചാക്കുമായെത്തിയ റയൽ മാഡ്രിഡിനെ തന്ത്രപൂർവം പടിക്ക് പുറത്താക്കിയാണ് പിഎസ്‌ജി കരുത്തനെ നിലനിർത്തിയത്. ബൊറൂസിയ ഡോട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ ഗോളടിവീരൻ ഏർളിംഗ് ഹാളണ്ടാണാണ് ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗ്. നാല് കളിയിൽ ആറ് ഗോളുമായി ഹാളണ്ട് പ്രീമിയർ ലീഗിൽ ഗോൾവേട്ട തുടങ്ങിക്കഴിഞ്ഞു.
ബയേൺ മ്യൂണിക്കിൽ നിന്ന് റോബർട്ട് ലെവൻഡോവ്സ്‌കി ബാഴ്‌സലോണയിലേക്കും ലിവർപൂളിൽ നിന്ന് സാദിയോ മാനെ ബയേണിലേക്കും കൂടുമാറി. സാമ്പത്തിക പ്രതിസന്ധിക്കിടെ ലെവൻഡോവ്സ്‌കി, റഫീഞ്ഞ, യൂൾസ് കൗണ്ടെ, ക്രിസ്റ്റ്യൻസെൻ, ഫ്രാങ്ക് കെസ്സി എന്നിവരെ ടീമിലെത്തിച്ച ബാഴ്സലോണ തന്നെയാണ് ഇത്തവണ ഞെട്ടിച്ചത്. അവസാന മണിക്കൂറുകളിൽ അഞ്ച് താരങ്ങളെയെങ്കിലും ബാഴ്സലോണ വിൽക്കാനും സാധ്യതയുണ്ട്.
റയൽ മാഡ്രിഡിന്‍റെ കാസിമിറോയെയും അയാക്സിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനസ്, ആന്‍റണി സഖ്യത്തെയും ഒപ്പം ക്രിസ്റ്റ്യൻ എറിക്‌സണെയും എത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ശക്തമാക്കിയതും ശ്രദ്ധേയം. യുണൈറ്റഡിൽ നിന്ന് പോഗ്ബ യുവന്‍റസിലേക്ക് ചേക്കേറിയപ്പോൾ യുവന്‍റസിന്‍റെ അർജന്‍റൈൻ സൂപ്പർതാരം ഡിബാല റോമയിലെത്തി. സിറ്റിയിലുണ്ടായിരുന്ന റഹീം സ്റ്റെർലിംഗ് ചെൽസിയിലും ഗബ്രിയേൽ ജിസ്യൂസ് ആഴ്‌സനലിലുമാണ് ഈ സീസണിൽ പന്തുതട്ടുന്നത്. ആഴ്‌സനിലെത്തിയ ജിസ്യൂസ് മിന്നും ഫോമിലാണ്. ഡാർവിൻ ന്യൂനസിനെ ബെൻഫിക്കയിൽ നിന്ന് സ്വന്തമാക്കിയാണ് ലിവർപൂൾ സ്വപ്നം കാണുന്നത്.
യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളിലുമായി 1500ഓളം കരാറുകളാണ് ഉണ്ടായത്. 360 കോടി പൗണ്ടിലേറെയാണ് സീസണിൽ ടീമുകൾ ചെലവഴിച്ച തുക. മറ്റന്നാൾ പുലർച്ചെ മൂന്നരയ്ക്കാണ് പ്രീമിയർ ലീഗ്, സ്പാനിഷ് ലീഗ് എന്നിവിടങ്ങളിൽ ട്രാൻസ്ഫർ ജാലകം അടയ്ക്കുക. ഇന്ത്യൻ സമയം നാളെ രാത്രി എട്ടര വരെയാണ് ജർമ്മൻ ലീഗ്, സെരിഎ ടീമുകൾക്കുള്ള അവസരം. ഫ്രഞ്ച് ലീഗിലെ അവസാന സമയം പുലർച്ചെ രണ്ടരയാണ്. അവസാന നിമിഷങ്ങളിലെ സസ്പെൻസും ആരാധകർ പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!