'ഇത്തവണ എല്ലാം ഉറപ്പിച്ച് തന്നെ'; ബ്ലാസ്റ്റേഴ്സിലേക്ക് ഒരു സ്പാനിഷ് താരം

By Web TeamFirst Published May 29, 2019, 6:40 PM IST
Highlights

കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷാട്ടോരി കൂടാരത്തില്‍ എത്തിച്ചതിന് പിന്നാലെയാണ് ആര്‍ക്യസിനെയും മഞ്ഞപ്പട സ്വന്തമാക്കിയിരിക്കുന്നത്. 2018-19 സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തിയ ആര്‍ക്യൂസ് ജംഷഡ്പൂരിന് വേണ്ടി 18 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്

കൊച്ചി: നഷ്ടങ്ങളുടെയും തിരിച്ചടികളുടെയും സീസണുകള്‍ക്ക് ശേഷം വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു സ്പാനിഷ് താരം എത്തുന്നു. കഴിഞ്ഞ തവണ ജംഷഡ്പൂര്‍ എഫ്സിയുടെ മധ്യനിരയില്‍ പന്ത് തട്ടിയ മാരിയോ ആര്‍ക്യൂസിനെയാണ് കൊമ്പന്മാര്‍ റാഞ്ചിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷാട്ടോരിയെ കൂടാരത്തില്‍ എത്തിച്ചതിന് പിന്നാലെയാണ് ആര്‍ക്യസിനെയും മഞ്ഞപ്പട സ്വന്തമാക്കിയിരിക്കുന്നത്. 2018-19 സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തിയ ആര്‍ക്യൂസ് ജംഷഡ്പൂരിന് വേണ്ടി 18 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്.

മൂന്ന് ഗോളുകളും അദ്ദേഹം പേരിലെഴുതിയിരുന്നു. വലന്‍സിയ, സ്പോര്‍ട്ടിംഗ് ഗിജോണ്‍, എല്‍ഷേ തുടങ്ങിയ ക്ലബ്ബുകളുടെ ബി ടീമില്‍ കളിച്ചതിന്‍റെ അനുഭവസമ്പത്തുമായാണ് ആര്‍ക്യൂസ് കൊച്ചിയിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ആര്‍ക്യൂസ് പറഞ്ഞു.

കേരളത്തെ അറിയാനും ആരാധകരെ ത്രസിപ്പിക്കുന്ന ആക്രമണ ഫുട്ബോള്‍ കളിക്കാനും ഒപ്പം കിരീടങ്ങള്‍ സ്വന്തമാക്കുകയുമാണ് ലക്ഷ്യം. ബ്ലാസ്റ്റേഴ്സിനായി തന്‍റെ ഹൃദയം നല്‍കുമെന്നും ആര്‍ക്യൂസ് കൂട്ടിച്ചേര്‍ത്തു. മാരിയോ ആര്‍ക്യൂസിനെ പോലെയുള്ള ഒരു താരത്തെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പരിശീലകന്‍ ഷാട്ടോരി പ്രതികരിച്ചു.

ഇതിനകം ഐഎസ്എല്ലില്‍ തന്‍റെ പ്രതിഭ തെളിയിച്ച താരമാണ് ആര്‍ക്യൂസ്. ഒരു മുന്നേറ്റ നിര താരം എന്ന നിലയിലും ഉപയോഗപ്പെടുത്താവുന്ന താരമാണ് ആര്‍ക്യൂസ് എന്നും അദ്ദേഹം പറഞ്ഞു. 

click me!