
ടോറന്‍റോ: ലോകമെമ്പാടുമുള്ള ഇറ്റാലിയൻ ആരാധകരെ കണ്ണീരണിയിച്ചുകൊണ്ടാണ് ബോസ്നിയ ഇത്തവണ ലോകകപ്പ് വേദിക്കായി വണ്ടികയറിയത്. യൂറോപ്യൻ പ്ലേ ഓഫിന്‍റെ പെനൽറ്റി ഷൂട്ടൗട്ടിൽ വമ്പന്മാരായ ഇറ്റലിയെ ഞെട്ടിച്ച ആ ബോസ്നിയൻ കരുത്ത് ലോകവേദിയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം. ഇന്ന് സഹ ആതിഥേയരായ കാനഡകകെതിരെയാണ് ബോസ്നിയയുടെ ആദ്യ പോരാട്ടം.
നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോസ്നിയ ലോക ഫുട്ബോളിന്‍റെ മഹാമേളയിലേക്ക് തിരിച്ചെത്തുന്നത്. വെറുമൊരു തിരിച്ചുവരവല്ല ഇത്, കളിക്കളത്തിൽ ചോരചിന്തിയും പോരാടാൻ മടിക്കാത്ത ഒരു അസാധ്യ നായകനാണ് ഈ ടീമിന്‍റെ പ്രധാന ഇന്ധനം.
എഡിൻ സെക്കോ എന്ന നാൽപ്പതുകാരനായ നായകനാണ് ബോസ്നിയൻ പടയുടെ ഹൃദയമിടിപ്പ്. പ്രായം നാൽപ്പതിനോട് അടുത്തിട്ടും ടീമിനായി ഇന്നും അതേ യുവത്വത്തോടെയാണ് ഈ ഇതിഹാസം പൊരുതുന്നത്. സെക്കോയുടെ പോരാട്ടവീര്യം എന്തെന്നറിയാൻ ഇറ്റലിക്കെതിരായ ആ നിർണായക പ്ലേ ഓഫ് മത്സരം മാത്രം കണ്ടാൽ മതി.
മത്സരത്തിനിടെ തോളിന് ഗുരുതരമായി പരിക്കേറ്റിട്ടും വേദന വകവയ്ക്കാതെ സെക്കോ മൈതാനത്ത് തുടർന്നു. ഒടുവിൽ ടീം ലോകകപ്പ് യോഗ്യതയെന്ന ചരിത്രനേട്ടം സ്വന്തമാക്കുമ്പോൾ, പരിക്കേറ്റ കൈ ശരീരത്തോട് ചേർത്തുകെട്ടി മൈതാനത്തുകൂടി ഓടി അയാൾ വിജയം ആഘോഷിച്ച കാഴ്ച ഏതൊരു ഫുട്ബോൾ പ്രേമിയുടെയും നെഞ്ചുലയ്ക്കുന്നതായിരുന്നു.
ആതിഥേയരായ കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ബോസ്നിയ ഇത്തവണ മത്സരിക്കുന്നത്. ഈ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് ബോസ്നിയൻ ക്യാമ്പ് കണക്കുകൂട്ടുന്നത്. ലോകവേദിയിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ സെക്കോ വ്യക്തമാക്കി. ലോകകപ്പ് വേദിയിൽ രാജ്യത്തിന്‍റെ ജേഴ്സി അണിയാൻ കഴിയുന്നത് വാക്കുകൾക്ക് അതീതമായ അഭിമാനമാണ്. ഞങ്ങളുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടാനുള്ള അവസരമാണിത്- എഡിൻ സെക്കോ പറഞ്ഞു.
2014 ലോകകപ്പിൽ ഇറാനെതിരെ നേടിയ വിജയമാണ് ടൂർണമെന്‍റി്ന്‍റെ ചരിത്രത്തിൽ ബോസ്നിയയുടെ ഏറ്റവും മികച്ച പ്രകടനം. ഇത്തവണ ആ ജയത്തുടർച്ചയാണ് ടീം ലക്ഷ്യമിടുന്നത്. നായകന്‍റെ പരിക്ക് തന്നെയാണ് നിലവിൽ ക്യാമ്പിലെ ഏക ആശങ്ക. എന്നാൽ, ക്വാളിഫയറിൽ ഇറ്റലിയെ തോൽപ്പിച്ചപ്പോൾ പരിക്കേറ്റ് പുറത്തിരുന്നിട്ടും സൈഡ് ബെഞ്ചിലിരുന്ന് സഹതാരങ്ങളെ ഉത്തേജിപ്പിച്ച എഡിൻ സെക്കോയുടെ ആ ഹീറോയിസം തന്നെയാണ് ഇത്തവണയും ബോസ്നിയയുടെ ഏറ്റവും വലിയ കരുത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!