നീണ്ട 14 വർഷക്കാലം ഫ്രഞ്ച് ടീമിനെ വിജയവഴിയിൽ നയിച്ച മന്‍ നായകൻ ദിദിയർ ദെഷാംപ്സിന് പകരക്കാരനായാണ് സിദാന്‍റെ വരവ്.
പാരീസ്: ഫുട്ബോൾ ലോകം ഏറെ നാളായി കാത്തിരുന്ന വമ്പൻ പ്രഖ്യാപനമെത്തി. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ടീമിന്‍റെ പുതിയ പ്രധാന പരിശീലകനായി ചുമതലയേറ്റു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 2030 വരെ നീളുന്ന ദീർഘകാല കരാറിലാണ് മുൻ റയൽ മാഡ്രിഡ് പരിശീലകന്‍ കൂടിയായ സിദാന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ യൂറോ 2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ 'ലെ ബ്ലൂസ്' സിദാന്‍റെ തന്ത്രങ്ങൾക്ക് കീഴിലാവും പോരാട്ടത്തിനിറങ്ങുക.
നീണ്ട 14 വർഷക്കാലം ഫ്രഞ്ച് ടീമിനെ വിജയവഴിയിൽ നയിച്ച മന്‍ നായകൻ ദിദിയർ ദെഷാംപ്സിന് പകരക്കാരനായാണ് സിദാന്‍റെ വരവ്. ദെഷാംപ്സിന്‍റെ സേവനങ്ങളെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ഫിലിപ്പ് ഡിയാലോ വാനോളം പുകഴ്ത്തി. ഫ്രഞ്ച് ഫുട്ബോളിനെ സംബന്ധിച്ച് ഇതൊരു അപൂർവ്വ നിമിഷമാണ്. കഴിഞ്ഞ 14 വർഷമായി ഫ്രാൻസ് ടീമിനെ ലോകത്തിന്‍റെ നെറുകയിൽ നിർത്തിയത് ദെഷാംപ്സ് ആണ്. ഗ്രൗണ്ടിൽ ഫ്രഞ്ച് ഫുട്ബോളിന്‍റെ പ്രതിച്ഛായ തന്നെ അദ്ദേഹം വീണ്ടെടുത്തു. അദ്ദേഹത്തിന്‍റെ സേവനങ്ങൾ എടുത്തുപറയേണ്ടതാണെന്നും ഫിലിപ്പ് ഡിയാലോ പറഞ്ഞു.
ഫ്രഞ്ച് ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിലെ സന്തോഷവും ആവേശവും സിദാൻ പങ്കുവെച്ചു. റയൽ മാഡ്രിഡ് വിട്ടതിന് ശേഷം മറ്റു പല വമ്പൻ ക്ലബ്ബുകളുടെയും ക്ഷണം നിരസിച്ചാണ് സിദാൻ ഈ പദവിക്കായി കാത്തിരുന്നത്. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിത്. റയൽ മാഡ്രിഡിലെ പരിശീലക പദവിക്ക് ശേഷം ഞാൻ ആഗ്രഹിച്ച ഒരേയൊരു കാര്യം ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുക എന്നത് മാത്രമായിരുന്നു. ചെറുപ്പം മുതൽ എനിക്ക് ഈ ടീമുമായി ബന്ധമുണ്ട്. ഈ ടീമിനായി പ്രവർത്തിക്കുക, അവരെ വീണ്ടും വിജയങ്ങളിലേക്ക് നയിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം-സിനദിൻ സിദാൻ പറഞ്ഞു.
കളിക്കാരനെന്ന നിലയിൽ 1998-ൽ ഫ്രാൻസിന് ലോകകപ്പ് നേടിത്തരുന്നതിൽ പ്രധാന പങ്കുവഹിച്ച സിദാൻ, 2006ൽ ടീമിനെ ഫൈനലിലെത്തിച്ചു. പരിശീലകനെന്ന നിലയിലും സമാനതകളില്ലാത്ത നേട്ടങ്ങളാണ് സിദാന്‍റെ കരിയറിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ റയൽ മാഡ്രിഡിന്‍റെ പരിശീലകനായ സിദാന്‍ ടീമിന് തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ (2016, 2017, 2018) സമ്മാനിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.
