
കണ്ണൂര്‍: ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ ഫുട്ബോള്‍ ടീമിന്‍റെ ഫ്ലെക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം. കണ്ണുർ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീൽ ആരാധകനായ ഇയാൾ അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്‍റെ ഫ്ലെക്സ് കെട്ടിയത്.
ലോകകപ്പ് ഖത്തറില്‍; കേരളത്തിലും ആരാധകരുടെ പോരാട്ടം
ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നാടെങ്ങും ആവേശത്തിലാണ്. ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെ ആരാധകര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍, സ്പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട് ടീമുകള്‍ക്കും കേരളത്തില്‍ ആരാധകരുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടെയും നെയ്‌മറിന്‍റെയും കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച ബ്രസീല്‍-അര്‍ജന്‍റീന ആരാധകര്‍ക്ക് പിന്നാലെ താമരശ്ശേരി പരപ്പന്‍പൊയിലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് പോര്‍ച്ചുഗല്‍ ആരാധകര്‍ മറുപടി നല്‍കിയിരുന്നു.
സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ കിക്കെടുക്കാനായി തയ്യാറെടുത്ത് നില്‍ക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയില്‍ ശ്രദ്ധേയമാകുന്നത്. ഇതോടെ മെസി-നെയ്‌മര്‍-റൊണാള്‍ഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി.
അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നതായിരുന്നു ആദ്യ സംഭവം. പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന ഭീമന്‍ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തതോടെ ആരാധകരുടെ പോര് കാര്യമായി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ കൂടി. ഇതോടെ സുല്‍ത്താന് പിന്നിലാണ് മിശിഹായുടെ സ്ഥാനം എന്നുവരെയായി ആരാധകരുടെ പറച്ചില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!