പ്രമുഖരില്ലാതെ ബ്രസീല്‍; ലോകകപ്പ് യോഗ്യതയില്‍ നാളെ വെനെസ്വേലയ്‌ക്കെതിരെ

By Web TeamFirst Published Nov 13, 2020, 12:57 PM IST
Highlights

പരിക്കിന്റെ പിടിയിലാണെങ്കിലും നെയ്മര്‍ ബ്രസീല്‍ ടീമിനൊപ്പമുണ്ട്. ഉറുഗ്വേക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ താരം ഇറങ്ങുമെന്നാണ് പരിശീലകന്‍ റ്റിറ്റെയുടെ പ്രതീക്ഷ.

ബ്രീസിലിയ: ദക്ഷിണ അമേരിക്ക ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് മൂന്നാം മത്സരം. നാളെ പുലര്‍ച്ചെ ആറിന് വെനെസ്വേലയെയാണ് ബ്രീസില്‍ നേരിടുക. പലതാരങ്ങളും പരിക്കിന്റെ പിടിയിലായതിനാല്‍ പ്രമുഖരില്ലാതെയാണ് ബ്രീസില്‍ ഇറങ്ങുക. പിഎസ്ജിയുടെ നെയ്മര്‍, ബാഴ്‌സലോണ താരം  ഫിലിപ്പെ കുടീഞ്ഞോ, റയല്‍ മാഡ്രിഡിന്റെ കാസെമിറോ, ലിവര്‍പൂളിന്റെ ഫാബീഞ്ഞോ എന്നിവരില്ലാതെയാകും ബ്രസീല്‍ ഇറങ്ങുക.

പരിക്കിന്റെ പിടിയിലാണെങ്കിലും നെയ്മര്‍ ബ്രസീല്‍ ടീമിനൊപ്പമുണ്ട്. ഉറുഗ്വേക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ താരം ഇറങ്ങുമെന്നാണ് പരിശീലകന്‍ റ്റിറ്റെയുടെ പ്രതീക്ഷ. ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ആലിസണ്‍ ബെക്കര്‍, മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് ഗബ്രിയേല്‍ ജീസസ് എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചെത്തുന്നതാണ് ആശ്വാസം. 

ബൊളീവിയക്കും പെറുവിനും എതിരായ മത്സരങ്ങള്‍ ജയിച്ച ബ്രസീലിന് ആറ് പോയിന്റുണ്ട്. നിലവില്‍ അര്‍ജന്റീനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. നാളെ ജയിച്ചാല്‍ ഒന്നാമതെത്താനുള്ള അവസരമുണ്ട്. ബൊളീവിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത ബ്രസീല്‍ പെറുവിനെ രണ്ടിനെതിരെ നാല് ഗോളിന് തുരത്തിയിരുന്നു. ആദ്യ രണ്ട് മത്സരത്തിലും തോറ്റ വെനെസ്വേല ഒരു ഗോള്‍ പോലും ഇതുവരെ നേടിയിട്ടില്ല.

ഇന്ന് പുലര്‍ച്ചെ നടന്ന അര്‍ജന്റീന- പരാഗ്വെ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. മറ്റൊരു മത്സരത്തില്‍ ഇക്വഡര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചു.

click me!