ആസ്റ്റര്‍ ഹോസ്പിറ്റലുകളോടൊപ്പം സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന് തുടക്കമിട്ട് കാലിക്കറ്റ് എഫ് സി; പ്രത്യേക 'പിങ്ക് ജേഴ്‌സി' പുറത്തിറക്കി

Published : Oct 23, 2026, 01:32 PM IST
Calicut FC Aster

Synopsis

ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണത്തിനായി കാലിക്കറ്റ് എഫ് സി പുതിയ 'പിങ്ക് ജേഴ്സി' പുറത്തിറക്കി. ഒക്ടോബർ 24ന് ഫോഴ്സ കൊച്ചി എഫ്സിയുമായുള്ള മത്സരത്തിൽ ടീം ഈ ജേഴ്സി ധരിക്കും.

കോഴിക്കോട്: ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ച് 'പിങ്ക് ഒക്ടോബറി'ന്റെ ഭാഗമായി സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ച് കാലിക്കറ്റ് എഫ് സി. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 24ന് ഫോഴ്സ കൊച്ചി എഫ്സിയുമായുള്ള മത്സരത്തില്‍ ധരിക്കാനുള്ള 'പിങ്ക് ജേഴ്സി' കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് ക്ലബ് ഭാരവാഹികള്‍ പുറത്തിറക്കി. സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സ്തനാര്‍ബുദത്തെക്കുറിച്ച് സമൂഹത്തില്‍ കൃത്യമായ അവബോധം വളര്‍ത്തുക, രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, രോഗബാധിതര്‍ക്ക് മാനസിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുക എന്നിവയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. പ്രതീക്ഷയുടെയും കരുതലിന്റെയും പ്രതീകമായ പിങ്ക് നിറത്തിലുള്ള റിബണും ജേഴ്‌സിയും ആധാരമാക്കിയാണ് ക്യാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്തനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ 90 ശതമാനത്തിലധികം കേസുകളിലും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്നും, ലക്ഷണങ്ങള്‍ കണ്ടാല്‍ ഭയമോ മടിയോ കാരണം പലരും പരിശോധനകള്‍ നടത്താന്‍ മടിക്കുന്നത് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നതെന്നും ആസ്റ്റര്‍ മിംസിലെ കാന്‍സര്‍ രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. കെവി ഗംഗാധരന്‍ പറഞ്ഞു. ഭയം മാറ്റിനിര്‍ത്തി, കൃത്യമായ ഇടവേളകളില്‍ സ്വയം പരിശോധന നടത്താനും 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ മാമോഗ്രാം സ്‌ക്രീനിംഗ് ശീലമാക്കാനും ഈ ക്യാമ്പയിനിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായിക-വ്യവസായിക നേട്ടങ്ങള്‍ക്കുപുറമേ സമൂഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും പങ്കാളികളാവുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം ഒരു ചുവടുവെപ്പ് നടത്തുന്നതെന്ന് കാലിക്കറ്റ് എഫ്.സി ഭാരവാഹികള്‍ വ്യക്തമാക്കി. കളിക്കളത്തിലും പൊതുവേദികളിലും പിങ്ക് ജേഴ്‌സി അണിയുന്നതിലൂടെ ലക്ഷക്കണക്കിന് ആരാധകരിലേക്കും പൊതുജനങ്ങളിലേക്കും സ്തനാര്‍ബുദ ബോധവല്‍ക്കരണ സന്ദേശം വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കുടുംബാംഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ ഇത് പൊതുസമൂഹത്തെ പ്രചോദിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

'നേരത്തെയുള്ള തിരിച്ചറിവാണ് ഏറ്റവും വലിയ പ്രതിരോധം, കരുതലോടെ നമുക്ക് ഒന്നിച്ച് അണിനിരക്കാം' എന്ന സന്ദേശമുയര്‍ത്തിയാണ് കാലിക്കറ്റ് എഫ്.സിയും ആസ്റ്ററും ഈ ക്യാമ്പയിനായി കൈകോര്‍ക്കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ച് എവര്‍ അഡ്രിയാനോ ഡിമാള്‍ഡെ, അസിസ്റ്റന്റ് കോച്ച് ബിബി തോമസ്, ക്യാപ്റ്റന്‍ കെ പ്രശാന്ത്, എം മനോജ്, ആസ്റ്റര്‍ മിംസ് സിഒഒ ഡോ. ഗോപിനാഥ് മമ്പള്ളിക്കളം, കാന്‍സര്‍ രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. കെവി ഗംഗാധരന്‍, റേഡിയേഷന്‍ ഓണ്‍കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും മേധാവിയുമായ ഡോ. സതീഷ് പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങി റയല്‍! ബാഴ്‌സലോണയെ തീർക്കാൻ ഈ കളി മതിയോ?
ചാംപ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് വൻ ജയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി, ആഴ്സണലിന് സമനില