
ദോഹ: ലോകകപ്പ് വേദിയിൽ കാമറൂണ്‍ ഇതിഹാസ താരം സാമുവൽ ഏറ്റു ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബ്രസീൽ - ദക്ഷിണ കൊറിയ മത്സരശേഷമായിരുന്നു സംഭവം. അൽജീരിയൻ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അൽജീരിയക്കെതിരായ മത്സരത്തിൽ റഫറി ഒത്തുകളിച്ചത് കൊണ്ടല്ലേ കാമറൂണ്‍ ലോകകപ്പ് യോഗ്യത നേടിയതെന്നുള്ള ഫോട്ടോഗ്രാഫറുടെ ചോദ്യമാണ് ഏറ്റുവിനെ ചൊടിപ്പിച്ചത്. ഖത്തര്‍ പൊലീസിന് പരാതി നൽകുമെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു.
അതേസമയം, കാമറൂണ്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കാമറൂണ്‍ ഉള്‍പ്പെട്ടത്. ഇതില്‍ വന്മരമായ ബ്രസീലിനെ തോല്‍പ്പിച്ച് കാമറൂണ്‍ കരുത്ത് തെളിയിച്ചിരുന്നു. കാമറൂണിനോടുള്ള ഒരു ഗോള്‍ തോല്‍വി ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ തന്നെ വലിയ നാണക്കേട് ആയിരുന്നു. ഈ നൂറ്റാണ്ടില്‍ ആദ്യമായിട്ടായിരുന്നു ബ്രസീല്‍ ലോകകപ്പിലെ ഒരു ഗ്രൂപ്പ് മത്സരം തോല്‍ക്കുന്നത്.
1998ലെ ലോകകപ്പില്‍ നോര്‍വെയോടാണ് ബ്രസീല്‍ അവസാനമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞത്. കാമറൂണിനെതിരെ ജയിച്ചിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ബ്രസീലിന് അവസരമുണ്ടായിരുന്നു. ഈ നേട്ടവും തട്ടിമാറ്റിയത് കാമറൂണിന്‍റെ വീറുറ്റ പ്രകടനമാണ്. ഇഞ്ചുറി സമയത്ത് വിന്‍സെന്റ് അബൂബക്കര്‍ നേടിയ ഗോളാണ് ഫിഫ റാങ്കിംഗില്‍ 43-ാം സ്ഥാനക്കാരായ കാമറൂണ്‍ മിന്നും വിജയം സ്വന്തമാക്കി ലോകകപ്പിനോട് വിട് പറഞ്ഞത്.
ലോകകപ്പില്‍ ആദ്യമായിട്ടാണ് ബ്രസീല്‍ ഒരു ആഫ്രിക്കന്‍ ടീമിനോട് പരാജയപ്പെടുന്നതെന്ന ചന്തവും ഈ വിജയത്തിനുണ്ടായിരുന്നു. എന്നാല്‍, പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ തവിടുപൊടിയാക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അവസാന എട്ടില്‍ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!