മെസിയുടെ 1000-ാം മത്സരം, വണ്ടർ ഗോള്‍; കോളടിച്ചത് ഓസ്ട്രേലിയന്‍ താരത്തിന്

By Jomit JoseFirst Published Dec 6, 2022, 6:16 PM IST
Highlights

പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു

ദോഹ: ഖത്തർ ഫിഫ ലോകകപ്പില്‍ ഒരു മിനുറ്റ് പോലും കളത്തിലിറങ്ങാതിരുന്ന താരമാണ് ഓസ്ട്രേലിയയുടെ കാമറൂണ്‍ ഡെവ്ലിന്‍. പക്ഷേ, പ്രീ ക്വാർട്ടറില്‍ അർജന്‍റീനയോട് തോറ്റ് ഓസ്ട്രേലിയ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്ന് സാക്ഷാല്‍ക്കരിച്ചതിന്‍റെ സന്തോഷത്തിലാണ് ഡെവ്ലിന്‍. മത്സര ശേഷം മെസിയുടെ ജേഴ്സി ലഭിക്കുകയായിരുന്നു ഡെവ്ലിന്. മെസിയുടെ കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ അണിഞ്ഞ ജേഴ്സിയാണ് ഡെവ്ലിന് ലഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 

പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്. ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. 

മത്സരത്തില്‍ കാത്തിരിപ്പിന്‍റെ കെട്ടുപൊട്ടിക്കാൻ ലിയോണല്‍ മെസിക്ക് മത്സരം തുടങ്ങി വെറും 35 മിനിറ്റേ വേണ്ടിവന്നുള്ളൂ. സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്തുംപോലെ, മഞ്ഞക്കൂപ്പായക്കൂട്ടത്തിന് ഇടയിലൂടെ അനായാസം കടന്നുകയറിയ മിശിഹായുടെ കാലുകളില്‍ നിന്ന് രോമാഞ്ചം കൊള്ളിക്കുന്ന ഗോള്‍ പിറന്നു. ലോകകപ്പിൽ മെസിയുടെ ഒൻപതാം ഗോളാണ് ഓസ്ട്രേലിയക്കെതിരെ അടിച്ചത്. എട്ട് ഗോൾ നേടിയ ഫുട്ബോള്‍ ദൈവം മറഡോണ ഇനി മെസിക്ക് പിന്നിലാണ്. അർജന്‍റീനന്‍ താരങ്ങളില്‍ മുന്നിലുള്ളത് പത്തു ഗോളുള്ള ബാറ്റിസ്റ്റ്യൂട്ട മാത്രം.

ഓസീസിനെതിരായ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ മെസി വല ചലിപ്പിക്കുകയും ചെയ്തു. 

മിശിഹാ ഖത്തറില്‍ തുടരും, അര്‍ജന്‍റീന ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ കടല്‍ കടത്തി മെസിപ്പട

click me!