അബൂബക്കറിന്‍റെ പകരക്കാരനാവാല്ലോ! റൊണാള്‍ഡോയുടെ സൗദി കൂടുമാറ്റ ശ്രമത്തെ ട്രോളി കെഎഫ്‍സി

By Jomit JoseFirst Published Dec 6, 2022, 5:41 PM IST
Highlights

പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു

ലണ്ടന്‍: പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ​സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസറിലേക്ക് ചേക്കേറും എന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് റോണോയ്ക്ക് അല്‍ നാസർ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. റൊണാള്‍ഡോ പുതിയ തട്ടകത്തിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കെഎഫ്‍സി യുകെ. 

അബൂബക്കറിന് മാന്യമായ ബാക്ക് അപ് കുറിപ്പോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കെഎഫ്സി യുകെ ട്വീറ്റ് ചെയ്തിരിക്കുന്നത്. അല്‍ നാസറിനായി കളിക്കുന്ന കാമറൂണ്‍ ക്യാപ്റ്റന്‍ വിന്‍സന്‍റ് അബൂബക്കറിനെയാണ് ട്വീറ്റില്‍ പരാമർശിച്ചിരിക്കുന്നത്. ഇക്കുറി ഖത്തർ ലോകകപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ഗോള്‍ അബൂബക്കർ നേടിയിരുന്നു. ഇതിലൊന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെതിരെ അവസാന നിമിഷം 92-ാം മിനുറ്റില്‍ നേടിയ വിജയ ഗോളായിരുന്നു. എംബെക്കലിയുടെ ക്രോസ് റണ്ണിംഗിനിടെ അബൂബക്കര്‍ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.

Decent back up to Aboubakar tbf https://t.co/2ggR9eV76K

— KFC UK (@KFC_UKI)

ഗോളിന് പിന്നാലെ ഷർട്ടൂരി ആഘോഷം നടത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി വിന്‍സന്‍റ് അബൂബക്കറിന് പുറത്ത് പോവേണ്ടിവന്നിരുന്നു. ബ്രസീലിന് എതിരായ ഗോളിന് തോളില്‍ തട്ടി അഭിനന്ദിച്ച ശേഷമാണ് റഫറി അബൂബക്കറിന് നേർക്ക് ചുവപ്പ് കാർഡ് ഉയർത്തിക്കാട്ടിയത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെ വല കുലുക്കിയതോടെ അഞ്ച് ലോകകപ്പുകള്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. നോക്കൗട്ട് ഘട്ടങ്ങളില്‍ ഗോള്‍ നേടിയിട്ടില്ല എന്ന അപവാദം കഴുകിക്കളയാന്‍ സിആർ7 പ്രീ ക്വാർട്ടറില്‍ ഇന്ന് സ്വിറ്റ്സർലന്‍ഡിനെതിരെ ഇറങ്ങും. 

പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം. 

മൊറോക്കോ-സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ്; ക്രിസ്റ്റിയാനോയ്ക്ക് നായകസ്ഥാനം നഷ്ടമായേക്കും

click me!