ചരിത്ര നേട്ടത്തിനരികെ കേപ് വെര്‍ദെ; സൗദി അറേബ്യയെ ജാഗ്രതയോടെ കാണുന്നുവെന്ന് കോച്ച് ബുബിസ്റ്റ

Published : Jun 22, 2026, 04:17 PM IST
Cape Verde

Synopsis

ഫിഫ ലോകകപ്പില്‍ ഉറുഗ്വായെയും സ്പെയിനിനെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. ചരിത്ര നേട്ടത്തിനായി സൗദി അറേബ്യക്കെതിരായ അവസാന മത്സരത്തിന് ടീം ഒരുങ്ങുമ്പോള്‍, ജാഗ്രതയോടെയാണ് സൗദിയെ കാണുന്നതെന്ന് കോച്ച് ബുബിസ്റ്റ പറഞ്ഞു.

ഡാലസ്: ഫിഫ ലോകകപ്പിലെ കന്നിക്കാരെന്ന പേരുമായി എത്തി അട്ടിമറികള്‍ തുടരുകയാണ് കേപ് വെര്‍ദെ. ഞായറാഴ്ച നടന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വായെ 2-2 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചിരുന്നു അവര്‍. ഈ പ്രകടനത്തോടെ ഗ്രൂപ്പ് എച്ച്-ല്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കിയ കേപ് വെര്‍ദെ, തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ച് നോക്കൗട്ടിലേക്ക് മുന്നേറാനുള്ള ശ്രമം നടത്തുകയാണ്. മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതിന് പിന്നാലെയാണ് ഉറുഗ്വായ്ക്കെതിരായ ഈ നിര്‍ണായക നേട്ടം.

63-ാം റാങ്കുകാരായ കേപ് വെര്‍ദെ ഇപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. സൗദി അറേബ്യയുമായുള്ള അവസാന മത്സരം ജയിച്ചാല്‍ അവര്‍ക്ക് നോക്കൗട്ട് ഉറപ്പിക്കാം. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച പരിശീലകന്‍ ബുബിസ്റ്റ, ടീമിന്റെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വ്യക്തമാക്കി. ''ഒരിക്കല്‍ നിങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ തുല്യമാകും. ലോകവേദിയില്‍ എതിരാളികള്‍ എത്ര വലിയവരാണെങ്കിലും കളിക്കളത്തില്‍ പല ടീമുകളും തുല്യരാണ്.'' അദ്ദേഹം പറഞ്ഞു.

വെല്ലുവിളികള്‍ എത്രയുണ്ടെങ്കിലും സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് തന്റെ ടീം തെളിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ടൂര്‍ണമെന്റ് കേവലം ഫുട്‌ബോളിന് അപ്പുറം, തങ്ങളുടെ രാജ്യത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് ബുബിസ്റ്റ കാണുന്നത്. ''ഞങ്ങളുടെ സംസ്‌കാരം, സംഗീതം, ചരിത്രം, ആരാധകര്‍ - ഇങ്ങനെ എല്ലാം ലോകത്തോട് വിളിച്ചുപറയാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. കേപ്പ് വേര്‍ഡെയുടെ തനിമ ലോകം അറിയണം.'' അദ്ദേഹം വ്യക്തമാക്കി.

അവസാന മത്സരത്തില്‍ സൗദി അറേബ്യയെ നേരിടുമ്പോള്‍ ജാഗ്രത വേണമെന്ന് ബുബിസ്റ്റ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയ്ക്കും യോഗ്യത നേടാന്‍ അവസരമുള്ളതിനാല്‍ മത്സരം കടുപ്പമായിരിക്കും. എങ്കിലും, വിജയം ലക്ഷ്യമിട്ട് തന്നെയായിരിക്കും ടീം ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന് മുന്‍പ് ഉറുഗ്വായ് പരിശീലകന്‍ മാഴ്‌സലോ ബിയല്‍സയെ നേരില്‍ കാണാനും ആദരസൂചകമായി സമ്മാനം നല്‍കാനും ബുബിസ്റ്റയ്ക്ക് സാധിച്ചു. ആഫ്രിക്കന്‍ പരിശീലകര്‍ക്കിടയില്‍ ബിയല്‍സ ഒരു മാസ്റ്റര്‍ ആണെന്നും അദ്ദേഹത്തിന്റെ കരിയറിലെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ പഠിക്കാറുണ്ടെന്നും ബുബിസ്റ്റ ആദരവോടെ ഓര്‍ത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് ഈജിപ്ത്; സവിശേഷ വിജയത്തില്‍ നിര്‍ണായകമായത് കോച്ചിന്റെ വാക്കുകള്‍
'ചെറിയ ടീമുകള്‍ക്ക് ഗുണം ചെയ്യും'; ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ കളിയുടെ താളം തെറ്റിക്കുന്നുവെന്ന് സ്‌കലോണി