റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്! കോച്ചിംഗ് കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് അന്‍സലോട്ടി

By Web TeamFirst Published Aug 15, 2022, 12:01 AM IST
Highlights

യുവേഫ ചാംപ്യന്‍സ് ലീഗ്, ലാ ലിഗ കിരീടങ്ങളെല്ലാം ടീമിന് നേടിക്കൊടുത്ത ആന്‍സലോട്ടി റയലിന്റെ തിരിച്ചുവരവിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.

മഡ്രിഡ്: ലാ ലിഗയില്‍ ഇന്ന് ആദ്യ മത്സരത്തിനൊരുങ്ങുകയാണ് റയല്‍ മാഡ്രിഡ്. യുവേഫ സൂപ്പര്‍ കപ്പ് ജയിച്ച ആത്മവിശ്വാസത്തിലാണ് കാര്‍ലോ ആന്‍സലോട്ടിയും സംഘവും. യുവേഫ ചാംപ്യന്‍സ് ലീഗ്, ലാ ലിഗ കിരീടങ്ങളെല്ലാം ടീമിന് നേടിക്കൊടുത്ത ആന്‍സലോട്ടി റയലിന്റെ തിരിച്ചുവരവിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. എന്നാലിപ്പോള്‍ കോച്ചിംഗ് കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അന്‍സലോട്ടി. 

റയലിന്റെ പരിശീലകനായി പടിയിറങ്ങുമ്പോള്‍ കോച്ചിംഗ് കരിയര്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം പറഞ്ഞതിങ്ങനെ... ''റയല്‍ വിടുമ്പോള്‍ ഞാന്‍ കോച്ചിംഗ് കരിയര്‍ അവസാനിപ്പിക്കും. റയല്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്. ക്ലബ്ബിനൊപ്പം എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' അദ്ദേഹം വ്യക്തമാക്കി.

പ്രീമിയര്‍ ലീഗ് ഓള്‍ടൈം ഇലവനില്‍ നിലവിലെ താരങ്ങളില്‍ രണ്ടുപേര്‍ മാത്രം; മുന്നേറ്റത്തില്‍ മൂന്ന് പേര്‍

എ എസ് റോമ, എ സി മിലാന്‍, ചെല്‍സി, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ആന്‍സലോട്ടി റയലിന്റെ പരിശീലകനായി സ്ഥാനമേറ്റത്. യൂറോപ്പിലെ അഞ്ച് ലീഗിലും കിരീടം നേടുന്ന ആദ്യ പരിശീലക എന്ന റെക്കോഡ് തകര്‍ക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

നേരത്തെ, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് റയൽ മാഡ്രിഡ് സൂപ്പര്‍ കപ്പ് നേടിയത്.  ഡേവിഡ് അലാബയും കരീം ബെൻസേമയുമാണ് ഗോളുകൾ നേടിയത്. റയല്‍ മാഡ്രിഡിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബെന്‍സേമ ഇതിഹാസ താരം റൗളിനെ മറികടക്കുന്ന് രണ്ടാമനാകുന്നതിനും മത്സരം സാക്ഷിയായി. ഇനി സിആര്‍7 മാത്രമാണ് കരീമിന് മുന്നിലുള്ളത്.

സന്ദേശ് ജിങ്കാന്‍ ബംഗളൂരു എഫ്‌സിയില്‍; ഇനി കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം തീപാറും

വാല്‍വെര്‍ദെ, ബെന്‍സേമ, വിനീഷ്യസ് ത്രിമൂര്‍ത്തികളെ ആക്രമണത്തിന് നിയോഗിച്ചാണ് റയല്‍ മാഡ്രിഡ് മൈതാനത്തെത്തിയത്. മധ്യനിരയില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ലൂക്കാ മോഡ്രിച്ചും കസെമിറോയും ടോണി ക്രൂസും അണിനിരന്നപ്പോള്‍ റയല്‍ തുടക്കത്തിലെ മുന്‍തൂക്കം നേടി. കസെമിറോയുടെ അസിസ്റ്റില്‍ 37-ാം മിനുറ്റില്‍ പ്രതിരോധതാരം ഡേവിഡ് അലാബയിലൂടെ റയല്‍ മുന്നിലെത്തിയപ്പോള്‍ 65-ാം മിനുറ്റില്‍ വിനിയുടെ അസിസ്റ്റില്‍ കരീം ബെന്‍സേമയുടെ ഗോള്‍ റയലിന്‍റെ വിജയമുറപ്പിച്ചു.

click me!