
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സിയെ നേരിടും. രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ചെല്‍സിക്ക് മതിയാകില്ല. തോമസ് ടുഷേലിന് പകരമെത്തിയ ഗ്രഹാം പോട്ടര്‍ക്ക് കീഴിലും മോശം പ്രകടനം തുടരുന്ന നീലപ്പട മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ഒരു തിരിച്ചുവരവ് തന്നെയാണ് ലക്ഷ്യമിടുന്നത്. ലീഗില്‍ അവസാന ഏഴ് കളിയില്‍ ഒരു ജയമാണ് സമ്പാദ്യം.
25 പോയിന്റ് മാത്രമുള്ള ചെല്‍സി നിലവില്‍ പത്താംസ്ഥാനത്ത്. ഹാട്രിക് കിരീടമോഹവുമായി മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കാകട്ടെ ഇനിയുള്ള ഓരോ മത്സരങ്ങളും പ്രധാനമാണ്. ആഴ്‌സനലിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും എട്ട് പോയിന്റ് വ്യത്യാസമുണ്ട്. ഇഎഫ്എല്‍ കപ്പില്‍ ചെല്‍സിയുടെ മുന്നേറ്റം അവസാനിപ്പിച്ച കരുത്ത് സിറ്റിക്ക് ആത്മവിശ്വാസം കൂട്ടും. ഗോളടിച്ച് കൂട്ടി മുന്നേറുന്ന ഏര്‍ളിംഗ് ഹാളണ്ടിന് മുന്നില്‍ പ്രതിരോധത്തിലെ പിഴവ് മറികടക്കുകയാകും ചെല്‍സിയുടെ വെല്ലുവിളി.
15 കളിയില്‍ 21 ഗോളുകളാണ് ഹാളണ്ട് നേടിയത്. ലണ്ടനിലെ പോരാട്ടങ്ങളില്‍ പെപ് ഗ്വാര്‍ഡിയോളയ്ക്കുള്ള മേല്‍ക്കൈയും സിറ്റിക്ക് പ്രതീക്ഷ നല്‍കും. 34 മത്സരങ്ങളില്‍ ഏഴ് തവണ മാത്രമാണ് സിറ്റി തോറ്റത്. ചെല്‍സി കോച്ച് ഗ്രഹാം പോട്ടര്‍ സ്ഥാനത്ത് തുടരുമോയെന്ന് തീരുമാനിക്കുന്നതിലും മത്സരഫലം നിര്‍ണായകമാകും. മൂന്ന്ദിവസങ്ങള്‍ക്കപ്പുറം ഇത്തിഹാദില്‍ എഫ്എ കപ്പിലും സിറ്റി- ചെല്‍സി പോരാട്ടമുണ്ട്.
ബാഴ്‌സ പ്രീ ക്വാര്‍ട്ടറില്‍
ബാഴ്‌സലോണ: കോപ്പഡെല്‍റെയില്‍ ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍. ഏഴ് ഗോള്‍ വീണ ത്രില്ലറില്‍ ഇന്റര്‍ സിറ്റിയെ മൂന്നിനെതിരെ നാല് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. അധികസമയത്തിന്റെ 103ആം മിനുറ്റില്‍ അന്‍സു ഫാറ്റിയാണ് ബാഴ്‌സലോണയ്ക്ക് ജയം സമ്മാനിച്ച് ഗോള്‍ നേടിയത്. നേരത്തെ അരൗഹോയുടെ ഗോളില്‍ ബാഴ്‌സയാണ് ആദ്യം ഗോള്‍ നേടിയത്. ഡെംബലെ, റഫീഞ്ഞ എന്നിവരും ഗോള്‍ നേടി. യുവതാരം ഒറിയോള്‍ പ്യുഗിന്റെ ഹാട്രിക് മികവിലാണ് ഇന്റര്‍ സിറ്റി നിശ്ചിതസമയത്ത് ഒപ്പത്തിനൊപ്പമെത്തി ബാഴ്‌സയെ ഞെട്ടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!