സെവന്‍സ് ടീമിനെ കുറിച്ച് വിജയനും ഛേത്രിയും, കൂട്ടിന് ജോപോളും ബൂട്ടിയയും; ചിന്തിക്കാന്‍ പറ്റുന്നുണ്ടോ റേഞ്ച്

By Web TeamFirst Published May 11, 2020, 6:34 PM IST
Highlights

കളിയനുഭവങ്ങളാണ് ഇരുവരും പ്രധാനമായി പങ്കുവച്ചത്. ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ ഒരു വര്‍ഷം വൈകിപ്പിച്ചിരുന്നെങ്കില്‍ നമുക്ക് ഒരുമിച്ച് കളിക്കാമായിരുന്നുവെന്ന് വിജയന്‍ പറഞ്ഞു.

കൊച്ചി: സുനില്‍ ഛേത്രിക്കൊപ്പം കളിക്കാന്‍ സാധിക്കാതെ പോയതിന്റെ നിരാശ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഐ എം വിജയന്‍. ഇരുവരും ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുന്നതിനിടെയാണ് വിജയന്‍ ഇക്കാര്യം അറിയിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഛേത്രി നടത്തുന്ന ലെവന്‍ വണ്‍ ടെന്‍ എന്ന ഹാഷ്ടാഗിലുള്ള ചാറ്റിലാണ് വിജയന്‍ വിശേഷങ്ങള്‍ പങ്കുവച്ചത്.

കളിയനുഭവങ്ങളാണ് ഇരുവരും പ്രധാനമായി പങ്കുവച്ചത്. ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ ഒരു വര്‍ഷം വൈകിപ്പിച്ചിരുന്നെങ്കില്‍ നമുക്ക് ഒരുമിച്ച് കളിക്കാമായിരുന്നുവെന്ന് വിജയന്‍ പറഞ്ഞു. ''ബൈച്ചുങ് ബൂട്ടിയക്കൊപ്പം കളിക്കാന്‍ ഛേത്രിക്ക് സാധിച്ചു. ഇക്കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് അസൂയയുണ്ട്. നമ്മള്‍ മൂന്ന് പേരും ഒന്നിച്ച് കളിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ആക്രമണ നിര എത്രമാത്രം അപകടം വിതച്ചേനെയെന്ന് ചിന്തിച്ചുനോക്കൂ.'' 

ദേശീയ ടീമിനും ക്ലബിനും വേണ്ടി കളിക്കുന്ന ഭാരമുണ്ടെങ്കിലും മൂന്ന് വര്‍ഷം കൂടി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടരാന്‍ ഛേത്രിക്ക് സാധിക്കും. ഇത്രയും കാലം കളിച്ച് ഇത്രയും ഗോള്‍ നേടുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും വിജയന്‍ ഓര്‍മിപ്പിച്ചു. മാന്ത്രികനെന്ന് ഞാന്‍ കരുതുന്ന ആള്‍ക്കൊപ്പം കളിക്കാന്‍ കഴിയത്തതിലെ നഷ്ട ബോധം ഇപ്പോഴുമുണ്ടെന്ന് ഛേത്രി പറഞ്ഞു.

നന്നായി കളിച്ചിട്ടും എന്തുകൊണ്ട് പുറത്തുപോയി കളിച്ചില്ലെന്ന് ഛേത്രിയുടെ മറുചോദ്യം. അന്ന് കാര്യങ്ങള്‍ ഇത്ര പ്രൊഫഷനലായിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇന്ന് എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുന്‍പ് ഉപദേശം തേടാന്‍ ആളുണ്ട്. അന്ന് അങ്ങനെ ആയിരുന്നില്ല. അന്നെനിക്ക് ഒറ്റയ്ക്ക് തന്നെയാണ് തീരുമാനമെടുക്കേണ്ടി വന്നത്. 

ഇന്ന് ഇന്ത്യയില്‍ കാര്യങ്ങള്‍ ഒരുപാട് മാറി. ഇന്ത്യന്‍ ടീമിന് തന്നെ ഒരുപാട് സപ്പോര്‍ട്ട് സ്റ്റാഫായി. ഇത് നല്ലതാണ്. ഞങ്ങളുടെ കാലത്ത് ഞങ്ങള്‍ തന്നെ ചൂടുവെള്ളത്തിന്റെ കുപ്പിയൊക്കെ എടുത്തു പോകേണ്ടിയിരുന്നു. എന്നാലും അതൊരു നല്ല കാലമായിരുന്നു- വിജയന്‍ പറഞ്ഞു.

നമ്മള്‍ ഉള്‍പ്പെടുന്ന ഒരു സെവന്‍സ് ടീമിനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ഓര്‍ക്കേണ്ടി വന്നില്ല വിജയന്. ജോപോള്‍ അഞ്ചേരി, ബൈച്ചുങ് ബൂട്ടിയ, എം സുരേഷ്, ഷറഫലി, ദിനേഷ് നായര്‍. ക്ഷണത്തിലയിരുന്നു വിജയന്റെ സെലക്ഷന്‍. പുതിയ താരങ്ങളോട് എന്താണ് പറയാനുള്ളതെന്നായിരുന്നു ഛേത്രിയുടെ അടുത്ത ചോദ്യം. 

''ഞാന്‍ സഹലിനോട് പറയാറുണ്ട്, മറ്റെവിടെയും നോക്കരുതെന്ന്. നിന്റെ മുതിര്‍ന്ന താരങ്ങളെയും മുന്നിലുള്ള കളിക്കാരെയും മാത്രം ശ്രദ്ധിക്കുക ഛേത്രിയെ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കൂ എന്ന് പറയാറുണ്ട്. ഇതു തന്നെയാണ് ഞാന്‍ ആഷിഖ് കുരുണിയനോടും മറ്റുള്ളവരോടുമെല്ലാം പറയുന്നത്.'' വിജയന്‍ അവസാനിപ്പിച്ചു.

click me!