അര്‍ജന്റീനയ്ക്ക് ബ്രസീലിനെ മാത്രമല്ല, റഫറിയേയും തോല്‍പ്പിക്കേണ്ടി വരും: പരാഗ്വെയുടെ ഇതിഹാസ താരം ചിലാവര്‍ട്ട്

By Web TeamFirst Published Jul 9, 2021, 8:57 PM IST
Highlights

കഴിഞ്ഞ തവണ സെമി ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അര്‍ജന്റീനയെ തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലിലെത്തുകയും ചെയ്തു. മത്സരത്തില്‍ റഫറയിംഗിനെതിരെ അര്‍ജന്റൈന്‍ താരങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. 

റിയോ ഡി ജനീറോ: അടുത്തകാലത്തൊന്നും കാണിക്കാത്ത പ്രകടനമാണ് കോപ അമേരിക്കയില്‍ പുറത്തെടുത്തത്. ഒരിക്കല്‍ പോലും തോല്‍വി അറിയാത്ത മെസ്സിപ്പട ഞായറാഴ്ച്ച ഫൈനലില്‍ ബ്രസീലിനെ നേരിടുകയാണ്. മരാക്കാന സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ സെമി ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അര്‍ജന്റീനയെ തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലിലെത്തുകയും ചെയ്തു. മത്സരത്തില്‍ റഫറയിംഗിനെതിരെ അര്‍ജന്റൈന്‍ താരങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. 

മറ്റൊരു ബ്രസീല്‍- അര്‍ജന്റീന മത്സരം മുന്നില്‍ നില്‍ക്കെ മെസിക്കും സംഘത്തിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പരാഗ്വെയുടെ ഇതിഹാസതാരം ലൂയി ചിലാവര്‍ട്ട്. അര്‍ജന്റീന ബ്രസീലിനെ മാത്രമല്ല, ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനേയും റഫറിയേയും തോല്‍പ്പിക്കേണ്ടിയിരിക്കുന്നുവെന്നാണ് ചിലാവര്‍ട്ട് പറയുന്നത്. ''ഉറുഗ്വെക്കാരനായ എസ്തബാന്‍ ഒസ്‌റ്റോയിച്ച് ഫൈനലില്‍ ബ്രസീലിന് അനുകൂലമായി തീരുമാനമെടുക്കും. കോന്‍മെബോള്‍ റഫറിയെ തന്നെ ഫൈനലിന് നിര്‍ത്തിയത് പ്രത്യേക ലക്ഷ്യത്തോടെയാണ്. പരഗ്വെ-പെറു മത്സരത്തില്‍ മോശം റഫറിയിംഗായിരുന്നു അദ്ദേഹത്തിന്റേത്.

പരഗ്വെ ക്യാപ്റ്റന്‍ ഗുസ്താവോ ഗോമസിന് ഒരു കാരണവും കൂടാതെ ചുവപ്പ് കാര്‍ഡ് കൊടുത്തതിന് പിന്നാലെ പെറുവിന്റെ ആന്ദ്രേ കാരിലോക്കും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. മെസിയും സംഘവും കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. മത്സരത്തില്‍ സംശയകരമായ സാഹചര്യം വന്നാല്‍ തീരുമാനം ആതിഥേയര്‍ക്ക് അനുകൂലമായിരിക്കും.'' ചിലാവര്‍ട്ട് കുറ്റപ്പെടുത്തി.

സെമിയില്‍ കൊളംബിയയെ മറികടന്നാണ് അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയയത്. ബ്രസീല്‍ പെറുവിനെയാണ് തോല്‍പ്പിച്ച്. മെസിയുടെ അവസാന കോപ്പയാവും ഇതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ കിരീടമല്ലാതെ മറ്റൊന്നും ടീം ലക്ഷ്യമിടുന്നില്ല.

click me!