ക്രിസ്റ്റ്യന്‍ എറിക്സണ്‍ കൊവിഡ് വാക്സിന്‍ എടുത്തിരുന്നോ?, വിശദീകരണവുമായി ഇന്റര്‍ മിലാന്‍

By Web TeamFirst Published Jun 15, 2021, 3:39 PM IST
Highlights

അടുത്ത ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ടീം അംഗങ്ങളെയെല്ലാം വാക്സിനേറ്റ് ചെയ്യുമെന്ന്  ഇന്‍റര്‍ ടീം ഫിസിഷ്യനായ പെയ്റോ വോള്‍പി മെയ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതും വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.

മിലാന്‍: യൂറോ കപ്പ് മത്സരത്തിനിടെ  ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഇന്‍റര്‍മിലാന്‍ ഡയറക്ടര്‍ ഗ്വിസിപ്പി മറോട്ട. കൊവിഡ് വാക്സിന്‍ സ്വീകരിച്ചതാണ് എറിക്സണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവാന്‍ കാരണമെന്ന സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കിടെയാണ് ഇന്‍റര്‍ ഡയറക്ടറുടെ വിശദീകരണം.

എറിക്സണ്‍ ഇതുവരെ കൊവിഡ് വാക്സിനേ സ്വീകരിച്ചിട്ടില്ലെന്ന്  മറോട്ട ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂറോ കപ്പിന് മുന്നോടിയായി എറിക്സണ്‍ ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നുവെന്നും ഇതിന്‍റെ ഫലമായാണ് താരത്തിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചതെന്നും സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഇന്‍റര്‍ ഡയറക്ടര്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇന്‍റര്‍ മിലാന്‍ ടീം ഡോക്ടര്‍ ഇറ്റാലിയന്‍ റേഡിയോ ആയ റേഡിയോ സ്പോര്‍ട്ടീവക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞതെന്ന് പറഞ്ഞായിരുന്നു വ്യാജപ്രചാരണം നടന്നത്. എന്നാല്‍ ഇന്‍റര്‍മിലാന്‍ മെഡിക്കല്‍ സംഘത്തിലെ ആരെയും തങ്ങള്‍ അഭിമുഖം നടത്തിയിട്ടില്ലെന്ന് സ്പോര്‍ട്ടീവ ട്വിറ്ററില്‍ വ്യക്തമാക്കി.ചിലര്‍ ഇന്‍റര്‍ ടീം ഡോക്ടര്‍ ഇറ്റാലിയന്‍ പത്രമായ ഗസെറ്റ ഡെല്ലോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതെന്ന് പറഞ്ഞായിരുന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

അടുത്ത ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ടീം അംഗങ്ങളെയെല്ലാം വാക്സിനേറ്റ് ചെയ്യുമെന്ന്  ഇന്‍റര്‍ ടീം ഫിസിഷ്യനായ പെയ്റോ വോള്‍പി മെയ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതും വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ യൂറോക്ക് മുമ്പാണോ സീരി എക്ക് മുമ്പാണോ എല്ലാ കളിക്കാരെയും വാക്സിനേറ്റ് ചെയ്യുക എന്നകാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണങ്ങള്‍ പൊടിപൊടിക്കുന്നതിനിടെയാണ് ഇന്‍റര്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഈ സീസണിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനത്തില്‍ നിന്ന് എറിക്സണ്‍ ഇന്‍റര്‍മിലാനിലെത്തിയത്.

click me!