യൂറോ കപ്പ്: പ്രവചനങ്ങള്‍ സത്യമാകുമോ? ചരിത്രം ആവര്‍ത്തിക്കാന്‍ ഫ്രാന്‍സ്

By Web TeamFirst Published Jun 15, 2021, 12:21 PM IST
Highlights

കഴിഞ്ഞ യൂറോ കപ്പിൽ ഫൈനൽ വരെയെത്തിയ ഫ്രാൻസിനെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട വീഴ്‌ത്തുകയായിരുന്നു. 

മ്യൂണിക്ക്: യൂറോ കപ്പില്‍ ഇത്തവണ കിരീടസാധ്യതയിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഫ്രാൻസ്. സമ്പന്നമായ താരനിരയാണ് ഫ്രാൻസിന്റെ കരുത്ത്. മരണഗ്രൂപ്പായ എഫില്‍ ഫ്രാന്‍സ് ഇന്ന് രാത്രി 12.30ന് ജര്‍മനിയെ നേരിടും. 

ലോകം കീഴടക്കിയ ഫ്രാൻസിനെ യൂറോപ്പിൽ ആര് പിടിച്ചുകെട്ടും. മരണഗ്രൂപ്പിൽ പോരിനിറങ്ങുമ്പോൾ ഫൈനലിന് തുല്യമായ മത്സരങ്ങളാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്. ചാമ്പ്യൻമാരായ പോർച്ചുഗലും കരുത്തരായ ജർമനിയും എതിരാളികളായി വരും. കഴിഞ്ഞ യൂറോ കപ്പിൽ ഫൈനൽ വരെയെത്തിയ ഫ്രാൻസിനെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട വീഴ്‌ത്തുകയായിരുന്നു. 

ചരിത്രം ആവര്‍ത്തിക്കുമോ?

അന്നത്തെ തോൽവിക്ക് പകരം വീട്ടണം. ഒപ്പം ലോക ചാമ്പ്യൻമാർക്കൊത്ത കളിയുമായി മൂന്നാംവട്ടവും യൂറോപ്പ് കീഴടക്കണം. 1998ൽ ലോകകപ്പ് നേടിയ ഫ്രാൻസ് തൊട്ടുപിന്നാലെ വന്ന യൂറോ കപ്പിൽ കിരീടം നേടിയിരുന്നു.

ഇത്തവണയും ചരിത്രവഴികൾ ഫ്രാൻസിലേക്ക് നീളുന്നു. റഷ്യയിൽ ക്രൊയേഷ്യയെ വീഴ്‌ത്തി ലോകകിരീടം സ്വന്തമാക്കിയ ദിദിയർ ദെഷാമിന്റെ ഫ്രഞ്ച് സൈന്യത്തിന്റെ കരുത്തിന് കോട്ടമൊന്നുമില്ല. നായകനായി ലോകകപ്പ് നേടിയ ദെഷാം പരിശീലകനായും ചരിത്രം കുറിച്ചു. യൂറോ കപ്പിലും ഇതാവർത്തിക്കുകയാണ് ലക്ഷ്യം. 

പടലപ്പിണക്കങ്ങൾ മാറ്റി കരീം ബെൻസേമയെ തിരിച്ചുവിളിച്ചതോടെ മുന്നേറ്റത്തിന്റെ മൂര്‍ച്ചയേറി. കിലിയൻ എംബാപ്പേയുടെ വേഗവും ഗ്രീസ്മാന്റെ കണിശതയും ബെൻസേമയുടെ കൃത്യതയും കൂടിച്ചേരുമ്പോൾ എതിരാളികളുടെ വലയിൽ എത്രതവണ പന്തെത്തുമെന്നേ അറിയേണ്ടതുള്ളൂ. 

എതിരാളികൾ പോലുമറിയാതെ പന്ത് റാഞ്ചുന്ന എൻഗോളെ കാന്റെ ഉഗ്രൻ ഫോമിലാണ്. ആക്രമണങ്ങളുടെ മുനയൊടിച്ചും പ്രത്യാക്രമണങ്ങൾക്ക് തുടക്കമിട്ടും കളിത്തട്ടിൽ എല്ലായിടത്തും കാന്റെയുണ്ടാവും. കൂടെ പോൾ പോഗ്‌ബയും കിംഗ്സ്‍ലി കോമാനുമുണ്ട്. കോട്ട കാക്കാൻ വരാനും പാവാദും കിംപെബേയും ഹെർണാണ്ടസും. ഗോൾവലയത്തിന് മുന്നിൽ നിലയുറപ്പിക്കുക ലോക കിരീടം ഏറ്റുവാങ്ങിയ ഹ്യൂഗോ ലോറിസായിരിക്കും.  

ഏതൊരു ടീമിന്റെയും ആദ്യ ഇലവനിൽ കിട്ടുന്ന ഒലിവർ ജിറൂഡ്, ഒസ്‌മാൻ ഡെംബലേ, ക്ലമെന്റ് ലെംഗ്ലറ്റ്, ബെഞ്ചമിൻ മെൻഡി, ഫെർലാൻഡ് മെൻഡി, മൂസ്സ സിസ്സോക്കോ തുടങ്ങിയവർ പകരക്കാരുടെ നിരയിലാണെന്നത് മാത്രം മതി ഫ്രാൻസിന്റെ കരുത്തറിയാൻ. ഇതുകൊണ്ട് തന്നെയാണ് ഹൊസെ മോറീഞ്ഞോയും ആർസൻ വെംഗറും വെയ്ൻ റൂണിയുമെല്ലാം ഫ്രാൻസ് കപ്പടിക്കുമെന്ന് കണ്ണടച്ച് പറഞ്ഞത്. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: മരണഗ്രൂപ്പിന്‍റെ പൂട്ട് ഇന്നഴിയും; ഹങ്കറിക്കെതിരെ പോര്‍ച്ചുഗല്‍, ഫ്രാന്‍സ്-ജര്‍മനി ക്ലാസിക് പോര്

യൂറോ കപ്പില്‍ ചാമ്പ്യന്‍മാര്‍ കളത്തിലേക്ക്; റെക്കോര്‍ഡുകളോടെ നയിക്കാന്‍ റൊണാള്‍ഡോ

പന്തടക്കത്തില്‍ മുന്നില്‍, ഗോള്‍ മാത്രമില്ല; സ്‌പെയ്‌നിന് സ്വീഡന്റെ പ്രതിരോധപ്പൂട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!