Christian Eriksen Returns: ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും പ്രീമിയര്‍ ലീഗില്‍ പന്തു തട്ടും

Published : Jan 31, 2022, 05:30 PM IST
Christian Eriksen Returns: ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും പ്രീമിയര്‍ ലീഗില്‍ പന്തു തട്ടും

Synopsis

എറിക്സണുമായി കരാറിലെത്തിയ കാര്യം ബ്രെന്‍റ്ഫോര്‍ഡ് ഇന്ന് സ്ഥിരീകരിച്ചു. ജൂണില്‍ യൂറോ കപ്പില്‍ കളിച്ചതിനുശേഷം പിന്നീട് കളികളത്തിലിറങ്ങിയിട്ടില്ലാത്ത എറിക്സണ്‍ കായികക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്‍റെ മുന്‍ ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

ലണ്ടന്‍: യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സൺ(Christian Eriksen) ഫുട്ബോളിലേത്ത് തിരിച്ചെത്തുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്(Premier League) ബ്രെന്‍റ്ഫോർഡ് എഫ്‌സിലൂടെയാണ്(Brentford FC) എറിക്സന്‍റെ തിരിച്ചുവരവ്. യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്നാണ് ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്.

എറിക്സണുമായി കരാറിലെത്തിയ കാര്യം ബ്രെന്‍റ്ഫോര്‍ഡ് ഇന്ന് സ്ഥിരീകരിച്ചു. ജൂണില്‍ യൂറോ കപ്പില്‍ കളിച്ചതിനുശേഷം പിന്നീട് കളികളത്തിലിറങ്ങിയിട്ടില്ലാത്ത എറിക്സണ്‍ കായികക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്‍റെ മുന്‍ ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

ആറുമാസത്തേക്കാണ് ബ്രെന്‍റ്ഫോർഡുമായി എറിക്സന്‍റെ കരാർ. രോഗമുക്തനായെങ്കിലും എറിക്സനുമായുള്ള കരാർ ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാൻ റദ്ദാക്കിയിരുന്നു. ഹൃദയാഘാതമുണ്ടായ താരങ്ങള്‍ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ കളിപ്പിക്കില്ലെന്ന ഇറ്റാലിയൻ ലീഗിലെ കർശന നിയമത്തെ തുടർന്നായിരുന്നു ഇത്.

എങ്കിലും ഇന്‍ററിനൊപ്പവും പിന്നീട് അയാക്സിനൊപ്പവും താരം പരിശീലനം നടത്തിയിരുന്നു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണിപ്പോൾ ബ്രെന്‍റ്ഫോർഡിലുടെ ഫുട്ബോളിലേക്കും പ്രീമിയർ ലീഗിലേക്കും എറിക്സൻ തിരിച്ചെത്തുന്നത്. നേരത്തേ പ്രീമിയർ ലീഗ് ക്ലബ് ടോട്ടനത്തിന്‍റെ താരമായിരുന്നു 29 കാരനായ ക്രിസ്റ്റ്യൻ എറിക്സൺ.

ബ്രെന്‍റ്‌ഫോര്‍ഡ് പരിശീലകനായ തോമസ് ഫ്രാങ്ക് മുമ്പ് എറിക്സണ്‍ കളിച്ചിരുന്ന ഡെന്‍മാര്‍ക്കിന്‍റെ അണ്ടര്‍ 17 ടീമിന്‍റെയും പരിശീലകനായിരുന്നിട്ടുണ്ട്. 16കാരാനായ എറിക്സണെ പരിശീലിപ്പിച്ചിട്ടുള്ള താന്‍ അദ്ദേഹവുമായി വീണ്ടും സഹകരിക്കാനായി കാത്തിരിക്കുകയാണെന്ന് തോമസ് ഫ്രാങ്ക് പറഞ്ഞു.

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം