നാലടി മേളം; കോപ്പയില്‍ പെറുവിന് മീതെയും പറന്ന് കാനറികള്‍

By Web TeamFirst Published Jun 18, 2021, 7:48 AM IST
Highlights

വെനസ്വേലയെ കീഴടക്കിയ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ബ്രസീലിനെ ടിറ്റെ അണിനിരത്തിയത്. 

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. തങ്ങളുടെ രണ്ടാം മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികള്‍ തകര്‍ത്തുവിട്ടത്. 

വെനസ്വേലയെ കീഴടക്കിയ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ബ്രസീലിനെ ടിറ്റെ അണിനിരത്തിയത്. മുതിര്‍ന്ന ഡിഫന്‍റര്‍ തിയാഗോ സില്‍വ തിരിച്ചെത്തിയപ്പോള്‍ ഗോള്‍ബാറിന് കീഴെ അലിസണ് പകരം എഡേഴ്‌സണും മിഡ്‌ഫീല്‍ഡില്‍ ഫാബീഞ്ഞോയും ഇടംപിടിച്ചു. മത്സരം തുടങ്ങി 12-ാം മിനുറ്റില്‍ തന്നെ ബ്രസീല്‍ ലീഡെടുത്തിരുന്നു. നെയ്‌മര്‍ തുടക്കമിട്ട മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ജിസ്യൂസ് മറിച്ചുനല്‍കിയ പന്തില്‍ ലെഫ്റ്റ് ബാക്ക് അലക്‌സ് സാണ്ട്രോയാണ് വല ചലിപ്പിച്ചത്.  

ബ്രസീലിന്‍റെ ലീഡോടെ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി ആവേശമായി. 60-ാം മിനുറ്റില്‍ നെയ്‌മറെ ബോക്‌സില്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയെങ്കിലും വാര്‍ ബ്രസീലിന് എതിരായി. എന്നാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ ഫ്രഡിന്‍റെ അസിസ്റ്റില്‍ നെയ്‌മര്‍ അനായാസ ഗോള്‍ കണ്ടെത്തി. 

പെറുവിന് 79-ാം മിനുറ്റില്‍ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം ഫ്രീകിക്കിലൂടെ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അതേസമയം മത്സരത്തില്‍ ഫൈനല്‍ വിസില്‍ വീഴുന്നതിന് മുമ്പ് രണ്ട് ഗോള്‍ കൂടി കാനറികള്‍ വലയിലാക്കി. ഇടതുവിങ്ങില്‍ നിന്ന് റിച്ചാര്‍ലിസണ്‍ നല്‍കിയ സുന്ദര പാസില്‍ എവര്‍ട്ടന്‍ റിബൈറോ 89-ാം മിനുറ്റില്‍ ലക്ഷ്യം കണ്ടു. ഇഞ്ചുറിടൈമിന്‍റെ മൂന്നാം മിനുറ്റില്‍ പെറു പ്രതിരോധത്തെ കാഴ്‌ച്ചക്കാരാക്കി റിച്ചാര്‍ലിസണ്‍ ബ്രസീലിന്‍റെ പട്ടിക പൂര്‍ത്തിയാക്കി. 

ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ആറ് പോയിന്‍റുമായി തലപ്പത്ത് മുന്നേറുകയാണ് ടിറ്റെയും സംഘവും. എന്നാല്‍ പെറും അവസാന സ്ഥാനത്താണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!