ചിലെയ്ക്ക് മീതെയും പറന്ന്; കോപ്പയില്‍ കാനറികള്‍ സെമിയില്‍

By Web TeamFirst Published Jul 3, 2021, 7:26 AM IST
Highlights

നെയ്മർ അടക്കമുള്ള സൂപ്പർതാരങ്ങളെ തിരിച്ചുവിളിച്ച് 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്

റിയോ: കോപ്പ അമേരിക്കയില്‍ ചിലെയന്‍ ഭീഷണി മറികടന്ന് കാനറികള്‍ സെമിയില്‍. ക്വാർട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്‍റെ ജയം. പകരക്കാരനായെത്തി ഒരു മിനുറ്റിനുള്ളില്‍ പക്വേറ്റയുടെ വകയായിരുന്നു ബ്രസീലിന്‍റെ വിജയഗോള്‍. ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി 10 പേരുമായി കളിച്ചിട്ടും നിലവിലെ ജേതാക്കളെ മറികടക്കാന്‍ ചിലെയ്ക്ക് കഴിയാതെവന്നു. സെമിയില്‍ പെറുവാണ് കാനറികളുടെ എതിരാളികള്‍. 

ഗോളില്ലാ ആദ്യപകുതി 

ഒളിംപിക് സ്റ്റേഡിയത്തില്‍ ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. നെയ്മർ അടക്കമുള്ള സൂപ്പർതാരങ്ങളെ തിരിച്ചുവിളിച്ച് 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മർക്കൊപ്പം ജെസ്യൂസും ഫിർമിനോയും റിച്ചാർലിസണും സ്റ്റാർട്ടിംഗ് ഇലവനിലെത്തി. കാസിമിറോയും ഫ്രഡും മധ്യനിരയിലും ഡാനിലോയും മാർക്വീഞ്ഞോസും തിയാഗോ സില്‍വയും ലോഡിയും പ്രതിരോധത്തിലും ഇടംപിടിച്ചു. 

മറുവശത്ത് ചിലെയാവട്ടെ ശക്തമായ ബ്രസീല്‍ ആക്രമണ നിരയ്ക്കെതിരെ വമ്പന്‍ പ്രതിരോധനിരയുമായാണ് കളത്തിലെത്തിയത്. പ്രതിരോധത്തിലൂന്നിയുള്ള 5-3-2 ശൈലിയില്‍ അലക്സിസ് സാഞ്ചസും വാർഗാസുമായിരുന്നു ആക്രമണത്തില്‍.  

ഗോള്‍, ചുവപ്പ് കാർഡ്

രണ്ടാംപകുതിയുടെ തുടക്കം മുതല്‍ നാടകീയമായിരുന്നു മത്സരം. കളി പുനരാരംഭിച്ച് 46-ാം മിനുറ്റില്‍ ഫിർമിനോയുടെ പകരക്കാരന്‍ ലൂക്കാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. നെയ്മർക്കൊപ്പം നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ചിലെയന്‍ ഡിഫന്‍റർ മെനക്കെതിരെ അപകടകരമായി ഹൈ ബൂട്ട് പുറത്തെടുത്ത ജെസ്യൂസിനെതിരെ നേരിട്ട് റഫറി ചുവപ്പ് കാർഡ് നീട്ടി. ചിലെ 62-ാം മിനുറ്റില്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടു. 

67-ാം മിനുറ്റില്‍ നെയ്മറുടെ ഒറ്റയാള്‍ മുന്നേറ്റം ബ്രാവോ നിഷ്ഫലമാക്കി. ഒപ്പമെത്താനുള്ള ചിലെയുടെ ശ്രമം 69-ാം മിനുറ്റില്‍ ബാറില്‍ തട്ടിത്തെറിച്ചു. ബോക്സിന് തൊട്ടുപുറത്തുനിന്ന് 75-ാം മിനുറ്റില്‍ ഫ്രീകിക്ക് ലഭിച്ചെങ്കിലും നെയ്മർക്ക് മുതലാക്കാനായില്ല. തൊട്ടുപിന്നാലെ മെനസെസിന്‍റെ മിന്നല്‍ ഷോട്ട് ബ്രസീലിയന്‍ ഗോളി എഡേഴ്സണ്‍ തടുത്തു. ശേഷവും ഇരു ടീമും ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വല ചലിച്ചില്ല. 

മാന്‍സീനിയുടെ പുതിയ ഇറ്റലി! ബെല്‍ജിയവും തീര്‍ന്നു, സെമിയില്‍ സ്‌പെയ്‌നിനെതിരെ

സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!