Asianet News MalayalamAsianet News Malayalam

സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു.

Spain into the semi finals of Euro by beating Switzerland
Author
Saint Petersburg, First Published Jul 3, 2021, 12:55 AM IST

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി. 

ഗോള്‍മഴയുടെ സൂചന നല്‍കി എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 17-ാം മിനിറ്റില്‍ കോക്കെയുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ കോക്കെയുടെ മറ്റൊരു കോര്‍ണറില്‍ അസ്പ്ലിക്വേറ്റയുടെ ഒരു ഫ്രീ ഹെഡ്ഡര്‍ യാന്‍ സോമ്മര്‍ കയ്യിലൊതുക്കിയതോടെ ആദ്യ പകുതിക്ക് വൈകാതെ അവസാനമായി.

Spain into the semi finals of Euro by beating Switzerland

രണ്ടാം പകുകിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ് ഒരുക്കികൊടുത്ത അവസരം സ്റ്റീവന്‍ സുബര്‍ പാഴാക്കി. താരത്തിന്റെ ശക്തിയില്ലാത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത സെദ്രാന്‍ ഷാകീരി വല കുലുക്കി.

77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസിന് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയം വരെ പ്രതിരോധിച്ച് നില്‍ക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനൊയുടെ ഷോട്ട് സോമ്മര്‍ രക്ഷപ്പെടുത്തി. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോല്‍ 92-ാം മിറ്റില്‍ മൊറോനോ ബോകില്‍ നിന്ന് തൊടുത്ത ഷോട്ടും സോമ്മര്‍ രക്ഷപ്പെടുത്തി. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്.

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. താരത്തിന്റെ ചിപ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിന് റോഡ്രിയും സ്വിസിനായി മാനുവല്‍ അകഞിയുമാണ് കിക്കെടുത്തത്. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.

Follow Us:
Download App:
  • android
  • ios