കോപ്പ അമേരിക്ക: കൊളംബിയൻ കടമ്പ കടന്ന് സ്വപ്ന ഫൈനലിലെത്താൻ അർജന്റീന

By Web TeamFirst Published Jul 6, 2021, 12:46 PM IST
Highlights

കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് സെമിയിൽ തോറ്റ് പുറത്തായതിന് ശേഷം18 കളികളിൽ അർജന്റീന തോൽവിയറിഞ്ഞിട്ടില്ല.

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന നാളെ ഇറങ്ങും. ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് തുടങ്ങുന്ന മത്സരത്തിൽ കൊളംബിയ ആണ് അർജന്‍റീനയുടെ എതിരാളികൾ. പെറുവിനെ ഒരു ​ഗോളിന് കീഴടക്കി ഫൈനലിലെത്തിയ ബ്രസീലുമായുള്ള സ്വപ്ന ഫൈനലിലേക്ക് കാലെടുത്തുവെയ്ക്കാൻ അർജന്റീനയ്ക്ക് മുന്നിൽ കൊളംബിയയെന്ന ഒരേയൊരു കടമ്പ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

തോൽവിയറിയാതെ മുന്നേറുന്ന നീലപ്പടയ്ക്ക് മിന്നും ഫോമിലുള്ള നായകൻ ലിയോണൽ മെസ്സി തന്നെയാണ് കരുത്ത്. അർജന്‍റീനയുടെ പത്തിൽ എട്ട് ഗോളിലും മെസ്സിയുടെ സാന്നിധ്യമുണ്ട്. തുടരെ ജയിക്കുന്ന ടീമിൽ വൻമാറ്റത്തിന് കോച്ച് ലിയോണൽ സ്കലോണി തയ്യാറാവില്ല. പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ നാളെയും കളിക്കാൻ സാധ്യത കുറവാണ്.

ഏഞ്ചൽ ഡി മരിയയെ ആദ്യ ഇലവനിൽ ഇറക്കുന്നത് പരിഗണിച്ചേക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഒരേയൊരു ജയവുമായാണ് കൊളംബിയ നോക്കൗട്ടിലെത്തിയത്. ഹാമിഷ് റോഡ്രിഗസിന്‍റെ അസാന്നിധ്യം മുന്നേറ്റത്തിന്റെ മൂർച്ച കുറച്ചിട്ടുണ്ട്. യുവാൻ കുഡ്രാഡോ പരിക്ക് മാറി തിരിച്ചെത്തുന്നത് കൊളംബിയക്ക് ആശ്വാസമാകും.

കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് സെമിയിൽ തോറ്റ് പുറത്തായതിന് ശേഷം18 കളികളിൽ
അർജന്റീന തോൽവിയറിഞ്ഞിട്ടില്ല. കൊളംബിയയുമായി അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ മാസം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ. അന്ന് ഇരുടീമുകളും രണ്ട് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

നേർക്കുനേർ പോരാട്ടങ്ങളിൽ അർജന്റീനക്ക് മേൽക്കൈ

അർജന്‍റീനയും കൊളംബിയയും തമ്മിൽ 40 മത്സരങ്ങളിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. കൃത്യമായ മേൽക്കൈ
അർജന്‍റീനയ്ക്കുണ്ട്. 23 കളിയിൽ അർജന്‍റീന ജയിച്ചു. ഒമ്പത് കളിയിൽ മാത്രമാണ് കൊളംബിയ ജയിച്ചത്. എട്ട് കളികൾ സമനിലയിൽ അവസാനിച്ചു. അവസാനം ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം.

click me!