കൊറോണ വൈറസ്: ഫുട്ബോള്‍ മത്സരങ്ങളെല്ലാം ഉപേക്ഷിച്ച് ചൈന, സൂപ്പര്‍ ലീഗ് നീട്ടി

By Web TeamFirst Published Jan 30, 2020, 7:59 PM IST
Highlights

കൊറോണയെ ചെറുക്കാനുള്ള ദേശീയ നീക്കത്തിന്‍റെ ഭാഗമായാണ് ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍റെ(സിഎഫ്‌എ) നടപടി

ബീജിംഗ്: കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ചൈനയിലെ ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായും ചൈനീസ് സൂപ്പര്‍ ലീഗ് നീട്ടിവെച്ചതായും അറിയിപ്പ്. കൊറോണയെ ചെറുക്കാനുള്ള ദേശീയ നീക്കത്തിന്‍റെ ഭാഗമായാണ് ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍റെ(സിഎഫ്‌എ) നടപടി. ഫെബ്രുവരി 22നാണ് ചൈനീസ് സൂപ്പര്‍ ലീഗിന്‍റെ 2020 സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. 

ഫുട്ബോളുമായി ബന്ധപ്പെടുന്ന മുഴുവന്‍ ആളുകളുടെയും ആരോഗ്യം ഉറപ്പുവരുന്നതിനാണ് നീക്കം. 2020 സീസണിലെ എല്ലാ ഡിവിഷന്‍ മത്സരങ്ങളും നിര്‍ത്തിവെക്കുകയാണ് എന്നും സിഎഫ്‌എ അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കുന്നതിനായി ദേശീയവൃത്തങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ് എന്നും സിഎഫ്‌എ കൂട്ടിച്ചേര്‍ത്തു. 

കൊറോണയുടെ പശ്‌ചാത്തലത്തില്‍ കര്‍ശന നടപടികളാണ് ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍ സ്വീകരിക്കുന്നത്. വുഹാനില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക് യോഗ്യത മത്സരത്തിന്‍റെ വേദി മാറ്റിയതിനെ തുടര്‍ന്ന് ചൈനീസ് വനിത ഫുട്ബോള്‍ ടീം ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചിരുന്നു. നാൻജിങ്ങില്‍ നടക്കേണ്ടിയിരുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്ഘട്ട മത്സരങ്ങളില്‍ നാല് ചൈനീസ് ക്ലബുകളും മൂന്ന് എവേ മത്സരങ്ങളാണ് ആദ്യം കളിക്കുകയെന്ന് എഎഫ്‌സി നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

click me!