കൊവിഡ് 19: ബാഴ്സക്ക് പിന്നാലെ അത്ലറ്റിക്കോയും കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ചു

By Web TeamFirst Published Apr 3, 2020, 6:14 PM IST
Highlights

നേരത്തെ ബാഴ്സലോണ ക്ലബ്ബും കളിക്കാരുടെ പ്രതിഫലം 70 ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു. ബാഴ്സ സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയാണ് തന്റെ പ്രതിഫലത്തിന്റെ 70 ശതമാനം വെട്ടിക്കുറച്ച് ക്ലബ്ബിനെ സഹായിക്കാന്‍ തയാറായി ആദ്യം മുന്നോട്ടുവന്നത്.

മാഡ്രിഡ്: കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് കളിക്കളങ്ങളെല്ലാം നിശ്ചലമായതോടെ കളിക്കാരുടെ പ്രതിഫലത്തില്‍ വന്‍കുറവ് വരുത്തി സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ്.  പ്രതിഫലം 70 ശതമാനം വെട്ടിക്കുറക്കാന്‍ കളിക്കാരുമായി ധാരണയിലെത്തിയതായി ക്ലബ്ബ് അറിയിച്ചു. ഇതിനപുറമെ ക്ലബ്ബ് ജീവനക്കാരെ തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്നും അത്ലറ്റിക്കോ മാഡ്രിഡ് വ്യക്തമാക്കി. 

സാഹചര്യങ്ങള്‍ മെച്ചപ്പെടുന്ന മുറക്ക് സസ്പെന്‍ഷനിലുള്ള ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാനാവും. കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കുന്നതിലൂടെ ലഭിക്കുന്ന തുക ക്ലബ്ബിന്റെ മറ്റ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ഉപയോഗിക്കുകയെന്നും അത്ലറ്റിക്കോ വ്യക്തമാക്കി. നേരത്തെ ബാഴ്സലോണ ക്ലബ്ബും കളിക്കാരുടെ പ്രതിഫലം 70 ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു. ബാഴ്സ സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയാണ് തന്റെ പ്രതിഫലത്തിന്റെ 70 ശതമാനം വെട്ടിക്കുറച്ച് ക്ലബ്ബിനെ സഹായിക്കാന്‍ തയാറായി ആദ്യം മുന്നോട്ടുവന്നത്. പിന്നാലെ ക്ലബ്ബ് കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചു.

സ്പാനിഷ് ലീഗില്‍ കളിക്കാര്‍ പ്രതിഫലം കുറക്കാന്‍ തയാറാവുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രതിഫലം വെട്ടി കുറക്കാനുള്ള നിര്‍ദേശത്തെ കളിക്കാര്‍ എതിര്‍ക്കുകയാണ്.കൊവിഡ് 19 രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. രാജ്യത്ത് ഇതുവരെ ഒരുലക്ഷത്തിലധികം പേര്‍ രോഗബാധിതരായിട്ടുണ്ട്. 11000ത്തോളം പേരാണ് കൊവിഡ് 19 രോഗബാധമൂലം ഇതുവരെ മരിച്ചത്.

click me!