
ലണ്ടന്‍: കൊവിഡ് 19 മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ റദ്ദാക്കി. നേരത്തെ ഏപ്രില്‍ മൂന്ന് വരെയായിരുന്നു ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. ഇതാണിപ്പോള്‍ 30 വരെ നീട്ടിയത്. ജൂണ്‍ ഒന്നിന് മുമ്പ് സീസണ്‍ പൂര്‍ത്തിയാക്കണമെന്നാണ് ഫുട്ബോള്‍ അസോസിയേഷന്റെ നിയമമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ യൂറോ കപ്പും കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിനുപുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ഇംഗ്ലണ്ടിലെ എല്ലാ പ്രൊഫഷനല്‍ ഫുട്ബോള്‍ മത്സരങ്ങളും നിര്‍ത്തിവച്ചിരുന്നു. നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു.
കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇതുവരെ 137 പേര്‍ മരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 27 പേരാണ് കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ബ്രിട്ടനില്‍ മരിച്ചത്. മരിച്ചവരെല്ലാം 47നും 96നും ഇടയില്‍ പ്രായമുളളവരാണ്. 2692പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 953 പേരും ലണ്ടനിലാണ്. 266 പേര്‍ സ്കോട്‌ലന്‍ഡിലും 68 പേര്‍ വടക്കന്‍ അയര്‍ലന്‍ഡിലും രോഗബാധിതരായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!