
കൊച്ചി: ഐഎസ്എല്ലില്‍ അടുത്ത സീസണിലേക്കുള്ള പടയൊരുക്കം സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്‍സ് എല്‍ക്കോ ഷട്ടോരിക്ക് പകരം സ്‍പാനിഷ് പരിശീലകന്‍ കിബു വികൂനയെ പാളയത്തിലെത്തിക്കുന്നു എന്ന് റിപ്പോർട്ട്. ഐ ലീഗില്‍ മോഹന്‍ ബഗാനെ ഇക്കുറി ജേതാക്കളാക്കിയ പരിശീലകനാണ് വികൂന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ഐ ലീഗില്‍ ഈ സീസണില്‍ അത്ഭുതങ്ങള്‍ കാട്ടിയ പരിശീലകനാണ് കിബു വികൂന. സീസണില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബഗാനെ ചാമ്പ്യന്‍മാരാക്കി. ഇന്ത്യയിലെത്തി ഒറ്റ വർഷം കൊണ്ട് വിസ്മയിപ്പിച്ച വികൂനയെ റാഞ്ചാന്‍ ജെംഷഡ്‍പൂർ എഫ്സിയും രംഗത്തുണ്ടായിരുന്നു എന്നും ഗോള്‍ ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.
സ്‌പോര്‍ട്ടിങ് ഡയറക്ടറായി ചുമതലയേറ്റ കരോലിസ് സ്‌കിന്‍കിസാണ് വികൂനയുമായുള്ള ചർച്ചക്ക് കരുക്കങ്ങള്‍ നീക്കിയത് എന്നാണ് സൂചന. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ് എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുണ്ട് കരോലിസിന്.
ആക്രമണ ഫുട്ബോളിനും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും പേരുകേട്ട നാല്‍പ്പത്തിയേഴുകാരനായ വികൂന പോളിഷ് ക്ലബ് വിസ്ലാ പ്ലോക്കി, ലാ ലിഗ ക്ലബ് ഒസാസുനയുടെ യൂത്ത് ടീം എന്നിവയെ പരിശീലിപ്പിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍- എടികെ ലയനത്തിന്‍റെ ഭാഗമായി വികൂന കൊല്‍ക്കത്തന്‍ ക്ലബില്‍ നിന്ന് പുറത്തായതാണ് ബ്ലാസ്റ്റേഴ്‍സിന് അവസരമൊരുക്കിയത്.
കഴിഞ്ഞ സീസണില്‍ നിറംമങ്ങിയ ബ്ലാസ്റ്റേഴ്‍സ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്‍തത്. ഐഎസ്എല്‍ ചരിത്രത്തില്‍ മൂന്നാം തവണയാണ് മഞ്ഞപ്പട പ്ലേ ഓഫിന് യോഗ്യത നേടാതിരുന്നത്. എന്നാല്‍ പുതിയ സീസണിലേക്കായി രണ്ടും കല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‍സ് ചുവടുനീക്കുന്നത്. സൂപ്പർ താരം ബെർത്തലോമിയ ഓഗ്ബച്ചെ, സെർജിയോ സിഡോഞ്ച എന്നിവരെ മഞ്ഞപ്പട നിലനിർത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!