
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിടവാങ്ങല്‍ മത്സരം നടത്താനുള്ള പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വിരമിച്ചതിന് ശേഷം വീണ്ടും പോര്‍ച്ചുഗല്‍ ജഴ്‌സി അണിയാന്‍ താല്‍പര്യമില്ലെന്നാണ് റൊണാള്‍ഡോയുടെ നിലപാട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞത് വ്യാഴാഴ്ച്ചയാണ്. അടുത്തയാഴ്ചത്തെ യുവേഫ നേഷന്‍സ് ലീഗില്‍ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ കാണാമെന്ന് ആരാധകരും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും പ്രതീക്ഷിച്ചിരിക്കേ ആയിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.
ഇതിന് പിന്നാലെയാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ലിയോണല്‍ മെസ്സിക്ക് നല്‍കിയതുപോലെ റൊണാള്‍ഡോയ്ക്ക് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം നടത്താന്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ തന്റെ വിരമിക്കലിന് കാരണക്കാരനായ ജോര്‍ജ് ജീസസ് പരിശീലിപ്പിക്കുന്ന ദേശീയ ടീമില്‍ കളിക്കില്ലെന്നാണ് റൊണാള്‍ഡോയുടെ ഉറച്ച തീരുമാനമെന്ന് പോര്‍ച്ചുഗലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം എന്ന ഫുട്‌ബോള്‍ ഫെഡറേഷന്റെ മോഹം പ്രതിസന്ധിയിലായി.
നേഷന്‍സ് ലീഗില്‍ വെയ്ല്‍സിനെതിരായ മത്സരത്തിനിടെയാണ് റോണോയും കോച്ച് ജീസസും തെറ്റുന്നത്. പോര്‍ച്ചുഗല്‍ നായകനെ വാംഅപ്പ് ചെയ്യിച്ചെങ്കിലും കോച്ച് കളത്തിലിറക്കിയില്ല. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിലും റോണോയെ കളിപ്പിക്കില്ലെന്ന് ജീസസ് വ്യക്തമാക്കി. കോച്ചിന്റെ തീരുമാനത്തില്‍ അതൃപ്തനായ റൊണാള്‍ഡോ ടീ വിട്ടുപോയി. അനുവാദമില്ലാതെ ടീം വിട്ടതോടെ റൊണാള്‍ഡോയ്ക്ക് ഫുട്‌ബോള്‍ ഫെഡറേഷന്‍ 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി. വിലക്ക് കഴിഞ്ഞതോടെ ഈമാസത്തെ മത്സരങ്ങള്‍ക്കുളള ടീമില്‍ കോച്ച് റൊണാള്‍ഡോയുടെ ഉള്‍പ്പെടുത്തിയിരുന്നു.
ജീസസിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ടീം പ്രഖ്യാപിക്കും മുന്‍പ് കോച്ചിന് സൂചനപോലും നല്‍കാതെ ആയിരുന്നു റൊണാള്‍ഡോയുടെ വിരമിക്കല്‍ പ്രഖ്യാപനം. പ്രശ്‌നം പരിഹരിക്കാന്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോയന്‍സ ശ്രമിച്ചെങ്കിലും കോച്ചുമായി സംസാരിക്കാന്‍ റൊണാള്‍ഡോ വിസമ്മതിച്ചു. ഇതിഹാസതാരം കടുത്ത നിലപാടിലാണെങ്കിലും വിടവാങ്ങല്‍ മത്സരം നടത്തണമെന്ന് തന്നെയാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. മറ്റൊരു പരിശീലകന് കീഴില്‍ വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാന്‍ കഴിയുമോയെന്നാണ് ആലോചന.
റൊണാള്‍ഡോയുമായി നല്ല ബന്ധമുള്ള മുന്‍കോച്ച് ലൂയി ഫിലിപ് സ്‌കൊളാരിയെ ഒറ്റമത്സരത്തിനായി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ മുഖ്യ പരിശീലകനായിരിക്കേ സ്‌കൊളാരിയെ നിയമിക്കുന്നതിനോട് ജോര്‍ജ് ജീസസ് എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണായകം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!