
തൃശൂർ: സൂപ്പര്‍ ലീഗ് കേരളയിലെ അവസാന സ്ഥാനക്കാരുടെ പോരില്‍ തൃശൂര്‍ മാജിക് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സിനെ വീഴ്‌ത്തി. വാലന്റൈന്‍ എക്കേജിയൂബയും ശിലാജിത് സാന്ത്രയുമാണ് സ്‌കോറര്‍മാര്‍. സീസണില്‍ തൃശൂര്‍ ആദ്യമായാണ് നിശ്ചിത സമയത്ത് ജയം നേടുന്നത്. പ്ലേ ഓഫ് സ്ഥാനത്തിനായി പൊരുതുന്ന തൃശൂരിന് ഈ വിജയം കരുത്തേകും. ഏഴ് മത്സരങ്ങളില്‍ ഇരുടീമുകള്‍ക്കും ഏഴ് പോയിന്റ് വീതം. ഗോള്‍ ശരാശരിയിലെ മുന്‍തൂക്കത്തില്‍ തൃശൂര്‍ അഞ്ചാം സ്ഥാനത്തും കണ്ണൂര്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു.
കണ്ണൂരിന്റെ സ്റ്റെമൻകോവിച്ച് നേടിയ ഗോൾ ഓഫ്‌സൈഡിൽ റദ്ദാക്കിയതിന് പിന്നാലെ ഏഴാം മിനിറ്റിൽ തന്നെ തൃശൂർ ലീഡ് നേടി. സെന്റർ ലൈനിന് സമീപത്തുനിന്ന് സെർജിയോ ഗിൽ നീട്ടിനൽകിയ പന്തിലേക്ക് കുതിച്ചെത്തിയ വാലന്റൈൻ എക്കേജിയൂബയുടെ ഹെഡ്ഡർ കണ്ണൂർ ഗോൾകീപ്പർ ഹജ്മൽ തടുത്തിട്ടെങ്കിലും റീബൗണ്ട് നൈജീരിയക്കാരൻ വലയിലെത്തിച്ചു (1–0).
12-ാം മിനിറ്റിൽ വാലന്റൈന് തൃശൂരിന്റെ ലീഡ് ഉയർത്താനുള്ള അവസരമൊരുങ്ങി. വലതുവിങ്ങിലൂടെ മുന്നേറി ബോക്സിനുള്ളിൽ കടന്ന വാലന്റൈന്റെ ഗ്രൗണ്ടർ ഹജ്മൽ പ്രയാസപ്പെട്ട് രക്ഷിച്ചു.
34-ാം മിനിറ്റിൽ കണ്ണൂർ സമനിലയ്ക്ക് അരികിലെത്തി. ഘാനക്കാരൻ ബോച്ച്വെയുടെ പാസ് കൈക്കലാക്കിയ സ്റ്റെമൻകോവിച്ച് മൂന്ന് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തൊടുത്ത ഷോട്ട് തൃശൂർ ഗോൾകീപ്പർ കമാലുദ്ധീൻ സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി. ഇഞ്ചുറി ടൈമിൽ ഫസലുറഹ്‌മാന്റെ ഗോൾ ശ്രമം കമാലുദ്ധീൻ തട്ടിയൊഴിവാക്കിയതിനു പിന്നാലെ ശിലാജിത് സാന്ത്ര തൃശൂരിന്റെ ലീഡ് രണ്ടാക്കി (2-0). ആദ്യപകുതിൽ ആതിഥേയരുടെ വാലന്റൈൻ, മുഹമ്മദ് സഹദ് എന്നിവർ മഞ്ഞക്കാർഡ് കണ്ടു.
രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ പകരക്കാരനായി എത്തിയ അബ്ദുൽ റഹീമിന്റെ പ്ലേസ്‌മെന്റ് തൃശൂർ ഗോൾകീപ്പർ കമാലുദ്ധീൻ മനോഹരമായ ഡൈവിലൂടെ തടഞ്ഞു. രണ്ടാം പകുതിയിൽ അഞ്ച് മാറ്റങ്ങൾ വരുത്തി ഗോൾ തിരിച്ചടിക്കാനുള്ള കണ്ണൂരിന്റെ ശ്രമങ്ങൾ നായകൻ മെയിൽസൺ ആൽവസിന്റെ നേതൃത്വത്തിൽ തൃശൂർ കൃത്യമായി പ്രതിരോധിച്ചതോടെ ആതിഥേയർ നിർണായക വിജയം സ്വന്തമാക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കണ്ണൂരിന്റെ ജോബിൻ ജോസഫ് റെഡ് കാർഡ് കണ്ട് മടങ്ങി.
ഏഴാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച (നവംബർ 8) തിരുവനന്തപുരം കൊമ്പൻസ് എഫ്സി, കാലിക്കറ്റ് എഫ്സിയുമായി മത്സരിക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് വിജയിച്ചു.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!