ഡി ഹിയ പിന്നിലായി; യുണൈറ്റഡിലെ പണപ്പെട്ടി ഇനി റൊണാള്‍ഡോ ഭരിക്കും

By Web TeamFirst Published Aug 29, 2021, 8:04 PM IST
Highlights

ആഴ്‌ചയിൽ 3.79 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന ഗോൾകീപ്പർ ഡേവിഡ് ഡി ഹിയയെ ആണ് റൊണാൾഡോ മറികടന്നത്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാംവരവില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ആഴ്‌ചയിൽ 4.85 കോടി രൂപയാണ് റൊണാൾഡോയുടെ പ്രതിഫലം. ആഴ്‌ചയിൽ 3.79 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന ഗോൾകീപ്പർ ഡേവിഡ് ഡി ഹിയയെ ആണ് റൊണാൾഡോ മറികടന്നത്. 

ഇറ്റാലിയന്‍ ക്ലബ് യുവന്റസിൽ നിന്ന് കഴിഞ്ഞ ദിവസമാണ് റൊണാൾഡോയെ മുന്‍ ക്ലബ് കൂടിയായ യുണൈറ്റഡ് സ്വന്തമാക്കിയത്. 12 വർഷത്തിന് ശേഷം യുണൈറ്റഡിൽ തിരിച്ചെത്തുന്ന റൊണാൾഡോ നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ആറാമത്തെ താരമാണ്. ആഴ്‌ചയിൽ 9.71 കോടി രൂപ പ്രതിഫലമുള്ള പിഎസ്ജി താരം ലിയോണൽ മെസിയാണ് ഒന്നാം സ്ഥാനത്ത്. നെയ്‌മർ, ലൂയിസ് സുവാരസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

കായികലോകത്തെ ഞെട്ടിച്ച കൂടുമാറ്റമായിരുന്നു യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മടങ്ങിവരവ്. നാടകീയമായ മണിക്കൂറുകളില്‍ റോണോയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ സിറ്റിയുടെ എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിനായി കളത്തിലിറങ്ങിയതോടെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ തീജ്വാലയായി. ഒടുവില്‍ വലിയ സസ്‌പെന്‍സുകള്‍ക്കും ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ യുവന്റസിലെ ഒരു വര്‍ഷ കരാര്‍ ബാക്കിനില്‍ക്കേ റൊണാള്‍ഡോ യുണൈറ്റഡില്‍ മടങ്ങിയെത്തുകയായിരുന്നു. 

2003ല്‍ സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009 വരെ ക്ലബില്‍ തുടര്‍ന്നു. യുണൈറ്റഡിനായി 292 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡോ 118 ഗോളുകള്‍ വലയിലിട്ടു. 2009ല്‍ റെക്കോര്‍ഡ് ട്രാന്‍സ്‌ഫര്‍ തുകയ്ക്ക്‌ റയലിലേക്ക് പോയ റൊണാള്‍ഡോ അവിടെ നിന്നാണ് യുവന്റസിലെത്തിയത്. 

ഓള്‍ഡ് ട്രഫോര്‍ഡിലേക്കുള്ള തിരിച്ചുവരവില്‍ റൊണാള്‍ഡോയുടെ ആദ്യമത്സരം അടുത്ത മാസം 11ന് ന്യൂകാസിലിനെതിരെയോ ചാമ്പ്യന്‍സ് ലീഗില്‍ പതിനാലിന് യംഗ് ബോയിസിനെതിരെയോ ആയേക്കും. 13 വര്‍ഷം മുന്‍പ് ന്യൂകാസിലിനെതിരെ റൊണാള്‍ഡോ യുണൈറ്റഡിനായി ഹാട്രിക്ക് നേടിയിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗലിലുള്ള റൊണാള്‍ഡോ അടുത്ത മാസം ഏഴിന് ശേഷമാകും മാഞ്ചസ്റ്ററിലേക്ക് പോവുക.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍, ആശയക്കുഴപ്പം മുറുകുന്നു

യുവന്റസിനൊപ്പം സ്വപ്‌നം കണ്ടതൊന്നും നേടാനായില്ല; യാത്രപറഞ്ഞ് ക്രിസ്റ്റ്യാനോ

സസ്‌പെന്‍സിന് വിരാമം, ചുവപ്പന്‍ സ്വപ്നം പൂവണിഞ്ഞു; റൊണാള്‍ഡോ യുനൈറ്റഡില്‍ മടങ്ങിയെത്തി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!