ചരിത്ര നേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

By Web TeamFirst Published Sep 2, 2021, 7:10 AM IST
Highlights

അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. 

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ ചരിത്ര നേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസ താരത്തിന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറി കടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.

അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. 88 മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന പോര്‍ച്ചുഗല്‍ എണ്‍പത്തിയൊന്‍പതാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡറിൽ സമനില പിടിച്ചു. തുടര്‍ന്ന് കളി അവസാനിക്കാന്‍ അവസാന സെക്കന്റുകളിൽ വീണ്ടും റൊണാൾഡോ ഗോള്‍ നേടി, ഒപ്പം ചരിത്ര നേട്ടം കൂടി റൊണാൾഡോ സ്വന്തം പേരില്‍ ചേര്‍ത്തു.

മത്സരത്തിന്‍റെ ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. അതോടൊപ്പം ഈ മത്സരത്തോടെ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി. 2003-ൽ തന്റെ 18-ാം വയസ്സിൽ ഖസാക്കിസ്താനെതിരെ പോർച്ചുഗലിനായാണ് റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!