സജീവമായി സിറ്റി ചര്‍ച്ചകള്‍, മറുവശത്ത് പരിക്ക്; ചൂടുപിടിച്ച് റൊണാള്‍ഡോയുടെ കൂടുമാറ്റം

By Web TeamFirst Published Aug 26, 2021, 1:40 PM IST
Highlights

കഴിഞ്ഞ ഞായറാഴ്‌ചത്തെ മത്സരത്തിന്‍റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിൽ റൊണാള്‍ഡോ അതൃപ്തി പ്രകടിപ്പിച്ചിരുന്നു

ടൂറിന്‍: യുവന്‍റസില്‍ അതൃപ്തനെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പരിക്ക്. പരിശീലന സെഷന് ഇടയിലാണ് താരത്തിന്‍റെ കൈക്ക് പരിക്കേറ്റത്. റൊണാള്‍ഡോ സെഷന്‍ പൂര്‍ത്തിയാക്കാതെ മടങ്ങി. ശനിയാഴ്‌ചത്തെ മത്സരത്തിൽ റൊണാള്‍ഡോ കളിക്കുമോയെന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാകൂ എന്ന് യുവന്‍റസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ചത്തെ മത്സരത്തിന്‍റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിൽ റൊണാള്‍ഡോ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം ഹാരി കെയ്‌ന്‍ ടോട്ടനത്തിൽ തുടരാന്‍ തീരുമാനിച്ചതോടെ റൊണാള്‍ഡോയെ സ്വന്തമാക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റൊണാള്‍ഡോയുടെ ഏജന്‍റ് മെന്‍ഡസ് ടൂറിനിൽ എത്തിയതും ശ്രദ്ധേയമാണ്. എന്നാൽ റൊണാള്‍ഡോയുടെ ഉയര്‍ന്ന വേതനവും ട്രാന്‍സ്‌ഫര്‍ ഫീ വേണമെന്ന യുവന്‍റസ് നിലപാടും ക്ലബ് മാറ്റം സങ്കീര്‍ണം ആക്കുമെന്നാണ് വിലയിരുത്തൽ. മുപ്പത്തിയാറുകാരനായ റൊണാള്‍ഡോയ്‌ക്ക് യുവന്‍റസില്‍ ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്.  

സജീവമാകുന്ന സിറ്റി ചര്‍ച്ചകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാന്‍ താത്പര്യപ്പെടുന്നതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പുതിയ റിപ്പോര്‍ട്ടുകളും ഇതിനെ ശരിവയ്‌ക്കുന്നതാണ്. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സിൽവ, റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചെന്നാണ് സൂചന. നേരത്തെ പിഎസ്‌ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് കൂടുതല്‍ നീക്കുപോക്കുകളുണ്ടായില്ല. 

റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ വാരം റൊണാൾഡോ നിഷേധിച്ചിരുന്നു. 'റയലില്‍ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവര്‍ക്ക് അത് സാന്റിയാഗോ ബെര്‍ണാബ്യൂവിലെ റയല്‍ മ്യൂസിയത്തില്‍ ചെന്നാല്‍ കാണാം. അതുപോലെ ഓരോ റയല്‍ ആരാധകന്റെ മനസിലും അതുണ്ട്. നേട്ടങ്ങളെക്കാളുപരി റയലിലുണ്ടായിരുന്ന ഒമ്പത് വര്‍ഷം പരസ്‌പര ബഹുമാനത്തോടെയും സ്‌നേഹത്തോടേയുമാണ് ഞങ്ങള്‍ കഴിഞ്ഞത്' എന്നും റോണോ ദിവസങ്ങള്‍ മാത്രം മുമ്പ് വിശദീകരിച്ചിരുന്നു. 

എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്തത് 1400 കോടി രൂപ, തീരെ കുറഞ്ഞുപോയെന്ന് പി എസ് ജി

1400 കോടി! എംബാപ്പെയെ ക്ഷണിച്ച്‌ റയല്‍; ഓഫര്‍ തള്ളി പിഎസ്‌ജി, ഇനിയെന്ത്?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!