Asianet News MalayalamAsianet News Malayalam

എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്തത് 1400 കോടി രൂപ, തീരെ കുറഞ്ഞുപോയെന്ന് പി എസ് ജി

പിഎസിജി വിടാന്‍ എംബാപ്പെ ആഗ്രഹിക്കുന്നതായാണ് മനസിലാക്കുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ലിയാനാര്‍ഡോ പറഞ്ഞു. ഇനി കരാര്‍ തീരുന്നതിന് മുമ്പ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ ക്ലബ്ബിന്റെ ഉപാധികള്‍ അദ്ദേഹം പാലിക്കേണ്ടിവരുമെന്നും ലിയനാര്‍ഡോ പറഞ്ഞു.

PSG confirm they rejected Real Madrid's bid for Kylian Mbappe
Author
Paris, First Published Aug 25, 2021, 11:36 PM IST

പാരീസ്: ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വാഗ്ദാനം ചെയ്തത് എംബാപ്പെയുടെ വിപണി നിലവിലെ മൂല്യത്തേക്കാള്‍ ചെറിയ തുകയെന്ന് പിഎസ്ജി. അതുകൊണ്ടുതന്നെ റയലിന്റെ വാഗ്ദാനം നിരസിച്ചുവെന്നും പി എസ് ജി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയാനാര്‍ഡോ ഔദ്യോഗികമായി അറിയിച്ചു.

എംബാപ്പെക്കായി റയല്‍ 160 മില്യണ്‍ യൂറോ(1400 കോടി ഇന്ത്യന്‍ രൂപ)വാഗ്ദാനം ചെയ്തതായി ഫ്രഞ്ച്-സ്പാനിഷ് മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിഎസിജി വിടാന്‍ എംബാപ്പെ ആഗ്രഹിക്കുന്നതായാണ് മനസിലാക്കുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ലിയാനാര്‍ഡോ പറഞ്ഞു. ഇനി കരാര്‍ തീരുന്നതിന് മുമ്പ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ ക്ലബ്ബിന്റെ ഉപാധികള്‍ അദ്ദേഹം പാലിക്കേണ്ടിവരുമെന്നും ലിയനാര്‍ഡോ പറഞ്ഞു.

ഇത് എംബാപ്പെക്ക് മാത്രമല്ല എല്ലാ കളിക്കാര്‍ക്കും ഒരുപോലെ ബാധകമാണെന്നും ലിയാനാര്‍ഡോ വ്യക്തമാക്കി. റയല്‍ വാഗ്ദാനം ചെയ്ത തുക എത്രയാണെന്ന് ലിയനാര്‍ഡോ വ്യക്തമാക്കിയില്ലെങ്കിലും 160 മില്യണ്‍ യൂറോക്ക് അടുത്ത തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് എംബാപ്പെയുടെ ഇന്നത്തെ മൂല്യം വെചുനോക്കുമ്പോള്‍ തീരെ ചെറിയ തുകയാണെന്നും ലിയനാര്‍ഡോ വ്യക്തമാക്കി.  

അതേസമയം, എംബാപ്പയെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണമാണ് എന്നാണ് റയലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എങ്കിലും ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എംബാപ്പെ പിഎസ്ജിയില്‍  കരാര്‍ പുതുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് റയലിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് വമ്പന്‍മാര്‍. ഓഫര്‍ 200 മില്യണ്‍ യൂറോയിലേക്ക് ഉയര്‍ത്തിയാല്‍ പിഎസ്ജി വഴങ്ങിയേക്കും എന്നും സൂചനയുണ്ട്.

അടുത്ത വേനലില്‍ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന 22കാരനായ എംബാപ്പെ ക്ലബ്ബില്‍ തുടരില്ലെന്ന് ഉറപ്പാണ്. കരാര്‍ പുതുക്കാനുള്ള പിഎസ്ജിയുടെ ഓഫറുകളെല്ലാം താരം നിരസിക്കുകയാണ്. സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ വരവോടെ എംബാപ്പെയുടെ മനസ് മാറും എന്ന ക്ലബിന്റെ പ്രതീക്ഷയും പാളി.

റയല്‍ മാഡ്രിഡിന്റെ പദ്ധതികളില്‍ നാളുകളായുള്ള താരമാണ് കിലിയന്‍ എംബാപ്പെ. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ചരടുവലികള്‍ തുടങ്ങിയതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്ജിയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി താരത്തെ പാളയത്തിലെത്തിക്കാനായിരുന്നു് റയല്‍ ശ്രമം. 2012ല്‍ തന്റെ പതിമൂന്നാം വയസില്‍ റയലിന്റെ ട്രയലില്‍ പങ്കെടുത്തിട്ടുള്ള എംബാപ്പെ 2018ല്‍ ക്ലബിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios