റയലിന്‍റെ ആദ്യ ഓഫര്‍ പിഎസ്‌ജി നിരസിച്ചതായും കൂടുതല്‍ ഉയര്‍ന്ന തുക വാഗ്‌ദാനം ചെയ്‌താല്‍ പിഎസ്‌ജി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ട്

പാരീസ്: പിഎസ്‌ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് 160 മില്യണ്‍ യൂറോ(1400 കോടി ഇന്ത്യന്‍ രൂപ)യുടെ ഓഫര്‍ വച്ചുനീട്ടിയതായി ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ റയലിന്‍റെ ആദ്യ ഓഫര്‍ പിഎസ്‌ജി നിരസിച്ചതായും കൂടുതല്‍ ഉയര്‍ന്ന തുക വാഗ്‌ദാനം ചെയ്‌താല്‍ പിഎസ്‌ജി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

എംബാപ്പയെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണമാണ് എന്നാണ് റയലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എങ്കിലും ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എംബാപ്പെ പിഎസ്‌ജിയില്‍ കോണ്‍ട്രാക്‌റ്റ് പുതുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അടയ്‌ക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സ്‌പാനിഷ് വമ്പന്‍മാര്‍. അതേസമയം ഓഫര്‍ 200 മില്യണ്‍ യൂറോയിലേക്ക് ഉയര്‍ത്തിയാല്‍ പിഎസ്‌ജി വഴങ്ങിയേക്കും എന്നും ഇഎസ്‌പിഎന്‍ സൂചന നല്‍കുന്നു. 

Scroll to load tweet…

അടുത്ത വേനലില്‍ കരാര്‍ അവസാനിക്കുന്ന 22കാരനായ എംബാപ്പേ പിഎസ്‌ജിയില്‍ തുടരില്ലെന്ന് ഉറപ്പാണ്. കരാര്‍ പുതുക്കാനുള്ള പിഎസ്‌ജിയുടെ ഓഫറുകളെല്ലാം താരം നിരസിക്കുകയാണ്. സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ വരവോടെ എംബാപ്പെയുടെ മനസ് മാറും എന്ന ക്ലബിന്‍റെ പ്രതീക്ഷയും പാളി. 

റയല്‍ മാഡ്രിഡിന്‍റെ പദ്ധതികളില്‍ നാളുകളായുള്ള താരമാണ് കിലിയന്‍ എംബാപ്പെ. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ചരടുവലികള്‍ തുടങ്ങിയതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്‌ജിയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി താരത്തെ പാളയത്തിലെത്തിക്കാനാണ് റയല്‍ ശ്രമം. 2012ല്‍ തന്‍റെ പതിമൂന്നാം വയസില്‍ റയലിന്‍റെ ട്രയലില്‍ പങ്കെടുത്തിട്ടുള്ള എംബാപ്പെ 2018ല്‍ ക്ലബിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona