
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (Machester United) പരിശീലന സെഷനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഇന്ന് പങ്കെടുക്കുമോ എന്നതില്‍ അവ്യക്തത. അതേസമയം സൂപ്പര്‍ താരത്തെ റാഞ്ചാനുള്ള നീക്കം ചെല്‍സി (Chelsea) ശക്തമാക്കി. പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളെല്ലാം എത്തിയിട്ടും ഇന്നലത്തെ സെഷനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുത്തില്ല.
കുടുംബപരമായ കാരണങ്ങളാല്‍ അവധി വേണമെന്ന റൊണാള്‍ഡോയുടെ അഭ്യര്‍ത്ഥന ക്ലബ്ബ് അംഗീകരിച്ചെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. റൊണാള്‍ഡോയ്ക്ക് നല്‍കാനൊരുങ്ങുന്ന ചുമതലകളെ കുറിച്ച് പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് നേരിട്ട് സംസാരിക്കാന്‍ കാത്തിരിക്കുമ്പോഴാണ് സൂപ്പര്‍ താരം ഉടക്കിടുന്നത്. ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലാത്ത ക്ലബ്ബിനായി കളിക്കുന്നതില്‍ കാര്യമില്ലെന്ന നിലപാടില്‍ റൊണാള്‍ഡോ മാറ്റം വരുത്തിയിട്ടില്ല.
തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി യുണൈറ്റഡ് ടീം വെളളിയാഴ്ച പുറപ്പെടാനാരിക്കെയാണ് അനിശ്ചിതത്വം മുറുകുന്നത്. അതേസമയം റൊണാള്‍ഡോയെ കൈമാറാനില്ലെന്ന് യുണൈറ്റഡ് വ്യക്തമാക്കിയെങ്കിലും, ചെല്‍സി ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.
റൊണാള്‍ഡോയ്ക്കായി രംഗത്തെത്തും മുന്‍പ് പരിശീലകന്‍ തോമസ് ടുഷേലിന്റെ നിലപാട് അറിയാനുള്ള ശ്രമത്തിലാണ് ചെല്‍സി ഉടമകള്‍ ഇപ്പോള്‍. ചെല്‍സി ക്ലബ്ബ് ഉടമ ടോഡ് ബോലിയും റൊണാള്‍ഡോയുടെ ഏജന്‍ഡ് മെന്‍ഡസും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. നാപോളി, ബയേണ്‍ മ്യൂണിക്ക് ക്ലബ്ബുകളും റൊണാള്‍ഡോയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.