യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ റോള്‍ എന്ത്; സൂചനയുമായി സോള്‍ഷെയര്‍

By Web TeamFirst Published Sep 14, 2021, 9:36 AM IST
Highlights

36കാരനായ സൂപ്പര്‍ താരത്തിന്‍റെ കരിയര്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് സോള്‍ഷെയര്‍

മാ‍ഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് ശ്രദ്ധേയമായ പരാമര്‍ശവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍. റൊണാള്‍ഡോയെ ടീമിൽ നിന്ന് ഒഴിവാക്കുക അസാധ്യമല്ലെന്ന് ഒലേ സോൾഷയര്‍ പറഞ്ഞു. 

ചെങ്കുപ്പായത്തിലെ രണ്ടാംവരവില്‍ കൊടുങ്കാറ്റായിരുന്നു സിആര്‍ 7. ഹാട്രിക്ക് എന്നെത്തുമെന്ന ചോദ്യം ആരാധകരുയര്‍ത്തുമ്പോഴാണ് യുണൈറ്റ‍ഡിന്‍റെ എല്ലാ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രതീക്ഷിക്കേണ്ടെന്ന സൂചന ഒലേ സോൾഷെയര്‍ നൽകുന്നത്. 36കാരനായ സൂപ്പര്‍ താരത്തിന്‍റെ കരിയര്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും യംഗ് ബോയ്സിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായി സോള്‍ഷെയര്‍ പറഞ്ഞു.

ക്രിസ്റ്റ്യാനോ അംഗമായ 2008ലെ ടീമാണ് അവസാനം ചാമ്പ്യന്‍സ് ലീഗ് കിരീടം ഓള്‍ഡ് ട്രഫോര്‍ഡിലെത്തിച്ചത്. ഫൈനലില്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചതും ക്രിസ്റ്റ്യാനോ ആയിരുന്നു. റയൽ മാഡ്രിഡ് താരമായി നാലുവട്ടം യൂറോപ്പ് കീഴടക്കിയെങ്കിലും യുവന്‍റസിലേക്കുള്ള കൂടുമാറ്റം നേട്ടമായില്ല. ക്രിസ്റ്റ്യാനോ തിരിച്ചുവരുമ്പോള്‍ പ്രീമിയര്‍ ലീഗിനപ്പുറത്തേക്കും കണ്ണെറിയുകയാണ് യുണൈറ്റഡ് എന്നു തന്നെയാണ് സോള്‍ഷെയറിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. 

യുണൈറ്റഡ് ഇന്ന് കളത്തില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിന് ഇന്ന് കിക്കോഫാകും. ഇ മുതൽ എച്ച് വരെയുള്ള ഗ്രൂപ്പുകളിലെ 16 ടീമുകള്‍ ഇന്ന് കളത്തിലെത്തും. ഇന്ത്യന്‍ സമയം രാത്രി 10.15ന് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് സ്വിസ് ക്ലബ്ബായ യംഗ് ബോയ്സിനെ നേരിടും. രാത്രി 12.30ന് തുടങ്ങുന്ന മത്സരങ്ങളില്‍ ബാഴ്സലോണ, ബയേൺ മ്യൂണിക്കിനെയും നിലവിലെ ജേതാക്കളായ ചെൽസി, റഷ്യന്‍ ക്ലബ്ബ് സെനിത്ത് എഫ്സിയെയും യുവന്‍റസ് സ്വീഡിഷ് ടീമായ മാള്‍മോയെയും നേരിടും. 

click me!