പാലക്കാടന്‍ കാറ്റിനോട് കിടപിടിക്കാനായില്ല; ഒടുവില്‍, കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോയും വീണു

By Web TeamFirst Published Dec 1, 2022, 2:46 PM IST
Highlights

ഏറെ ആഘോഷത്തോടെ ആരാധകരുടെ ആര്‍പ്പുവിളികളോടെ ഉയര്‍ന്ന കട്ടൗട്ട് ഇന്ന് പകല്‍ പതിനൊന്ന് മണിയോടെ ശക്തയാ കാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു. 


പാലക്കാട്:  കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന ഖ്യാതിയോടെയായിരുന്നു പാലക്കാട്ടെ കൊല്ലങ്കോട്ട് 120 അടി ഉയരത്തില്‍ കഴിഞ്ഞ 27 -ാം തിയതി രാത്രിയില്‍ ഉയര്‍ന്നത്. ഏറെ ആഘോഷത്തോടെ ആരാധകരുടെ ആര്‍പ്പുവിളികളോടെ ഉയര്‍ന്ന കട്ടൗട്ട് ഇന്ന് പകല്‍ പതിനൊന്ന് മണിയോടെ ശക്തയാ കാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു. കട്ടൗട്ട് തകര്‍ന്നുവീണെങ്കിലും പോര്‍ച്ചുഗല്‍ സെമിയില്‍ കടന്ന ആവേശത്തിലാണ് ആരാധകര്‍. 

നേരത്തെ എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അറുപത്തി അഞ്ച് അടി ഉയരമുള്ള മെസിയുടെ കട്ടൗട്ട് തകര്‍ന്ന് വീണിരുന്നു. കേരളത്തില്‍ പല ജില്ലകളിലും നിരവധി ഫുട്ബോള്‍ കളിക്കാരുടെ കട്ടൗട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ മെസിയും നെയ്മറും ക്രിസ്റ്റിയാനോയും തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. കേരളത്തില്‍ ഇതുവരെ ഉയര്‍ന്ന കട്ടൗട്ടുകളില്‍ വച്ച് ഏറ്റവും വലിയ കട്ടൗട്ട് എന്ന പ്രത്യേകയോടേ ഏറെ  വാര്‍ത്താ പ്രധാന്യം നേടിയ കട്ടൗട്ടായിരുന്നു കൊല്ലങ്കോട്ട് ഉയര്‍ന്ന ക്രിസ്റ്റിയാനോയുടെ കട്ടൗട്ട്. 

കൊല്ലങ്കോട് - പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്ത് കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റായാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഈ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്. നിരവധി ദിവസത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം രാത്രി പത്ത് മണിക്ക് ശേഷം ആഘോഷത്തോടെയാണ് ആരാധകര്‍ തങ്ങളുടെ ഇഷ്ട കളിക്കാരന്‍റെ കട്ടൗട്ട് ഉയര്‍ത്തിയത്. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം പാലക്കാടന്‍ കാറ്റിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ ക്രിസ്റ്റിയാനോ നിലം പതിക്കുകയായിരുന്നു.

ഘാനയ്കക്കെതിരെ 3 - 2 നും ഉറൂഗ്വേയ്ക്കെതിരെ 2- 0 ത്തിനും വിജയിച്ച് പ്രീകോര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞു പോര്‍ച്ചുഗല്‍. ഇന്ന് സൗത്ത് കൊറിയയെ നേരിടും മത്സരം പോര്‍ച്ചുഗലിന് നിര്‍ണ്ണായകമല്ല. എങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും പോര്‍ച്ചുഗല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് തന്നെ പറയാം. തുടര്‍ച്ചയായ അഞ്ച് ലോകകപ്പുകളില്‍ ഗോളടിച്ച ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡും ഇതിനിടെ സ്വന്തമാക്കിയ ക്രിസ്റ്റിയാനോയുടെ പേരില്‍ ഈ ലോകകപ്പില്‍ ഇതിനകം ഒരു ഗോളും എഴുതപ്പെട്ടു. കൊല്ലങ്കോട്ട് വീണെങ്കിലും ഖത്തറില്‍ ക്രിസ്റ്റിയാനോ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ .


കൂടുതല്‍ വായനയ്ക്ക്: ഉയര്‍ന്നുയര്‍ന്ന് ക്രിസ്റ്റിയാനോ; ഏറ്റവും വലിയ കട്ടൗട്ട് ഉയര്‍ത്തി കൊല്ലങ്കോട്ടേ ആരാധകര്‍

കൂടുതല്‍ വായനയ്ക്ക്: 65 അടി വലിപ്പത്തിലുള്ള മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചയുടന്‍ ഒടിഞ്ഞുവീണു - വീഡിയോ
 

 

click me!