Latest Videos

മാനസിക സംഘര്‍ഷത്തിനിടയിലും മകനെ ആലിംഗനം ചെയ്തു; നെയ്മറോട് നന്ദി പറഞ്ഞ് ക്രൊയേഷ്യന്‍ താരം പെരിസിച്ച്

By Web TeamFirst Published Dec 12, 2022, 4:07 PM IST
Highlights

ഓടിയെത്തിയ ലിയോയെ ഒഫീഷ്യലുകള്‍ ആദ്യം തടഞ്ഞിരുന്നു. ഇത് കണ്ട നെയ്മാര്‍ പെരിസിച്ചിന്റെ മകന് നേരെ കൈ നീട്ടുകയായിരുന്നു. നെയ്മാറിന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചാണ് ലിയോ മടങ്ങിയത്. മത്സരത്തിന് ശേഷം പെരിസിച്ചും നെയ്മറിന്റെ അടുത്തെത്തിയിരുന്നു.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിലെ തോല്‍വിക്ക് ശേഷം സൂപ്പര്‍താരം നെയ്മാറിനെ ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്റെ മകന്‍ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഡാനി ആല്‍വസിന്റെ തോളില്‍ തലചാരി വിതുമ്പുന്ന നെയ്മര്‍. ബ്രസീല്‍ ആരാധകരെ മാത്രമല്ല ഫുട്‌ബോള്‍ പ്രേമികളെയെല്ലാം വേദനിപ്പിച്ച നിമിഷം. ആ കാഴ്ച കണ്ട് ഓടിയെത്തി നെയ്മാറെ ആശ്വസിപ്പിക്കുന്ന 10 വയസുകാരന്‍ ലിയോ. ഫുട്‌ബോള്‍ ലോകത്തിന്റെ മനം നിറച്ച കാഴ്ചയായിരുന്നു അത്.

ഇതേക്കുറിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇവാന്‍ പെരിസിച്ച്. ഓടിയെത്തിയ മകനെ അടുത്തേക്ക് വിളിക്കാനും ആലിംഗനം ചെയ്യാനും തയ്യാറായ നെയ്മാര്‍ക്ക് നന്ദി പറയുകയാണ് പെരിസിച്ച്. താരം പറയുന്നതിങ്ങനെ.. ''വലിയ മാനസിക സംഘര്‍ഷത്തിനിടയിലും തന്റെ മകനെ പരിഗണിക്കാന്‍ നെയ്മര്‍ തയ്യാറായി. അത് ലിയോയ്ക്ക് ജീവിതത്തില്‍ ഏറെ വിലപ്പെട്ട നിമിഷമായി തീര്‍ന്നു.'' പെരിസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഓടിയെത്തിയ ലിയോയെ ഒഫീഷ്യലുകള്‍ ആദ്യം തടഞ്ഞിരുന്നു. 

ഇത് കണ്ട നെയ്മാര്‍ പെരിസിച്ചിന്റെ മകന് നേരെ കൈ നീട്ടുകയായിരുന്നു. നെയ്മാറിന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചാണ് ലിയോ മടങ്ങിയത്. മത്സരത്തിന് ശേഷം പെരിസിച്ചും നെയ്മറിന്റെ അടുത്തെത്തിയിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍ക്കുന്നത്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെയും മധ്യനിര എഞ്ചിന്‍ ലൂക്കാ മോഡ്രിച്ചിന്റേയും കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. 

എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഒരിക്കല്‍ക്കൂടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ ഗാലറിയില്‍ ബ്രസീലിയന്‍ ആരാധകരുടെ കണ്ണീരൊഴുകി.

വിവാദ റഫറി ലാഹോസ് ഇനി ലോകകപ്പിനില്ല; പുറത്താക്കിയത് അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ തീരുമാനങ്ങള്‍

click me!