
ട്രിനിഡാഡ്: ലോകകപ്പിന് യോഗ്യതനേടുന്ന ഏറ്റവും ചെറിയ രാജ്യമായി കരീബിയന്‍ ദ്വീപ് രാജ്യമായ ക്യുറസാവോ. കിംഗ്സറ്റണില്‍ ജമൈക്കക്കെതിരെ ഗോള്‍രഹിത സമനില നേടിയതോടെയാണ് വെറും 1,56,000 മാത്രം ജനസംഖ്യയുള്ള ക്യുറസാവോ കോണ്‍കാകാഫ് മേഖലയില്‍ നിന്ന് 2026ൽ അമേരിക്കയും മെക്സിക്കോയും കാനഡയും സുയുക്ത ആതിഥേയരാകുന്ന ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുഞ്ഞൻ രാജ്യമായത്. യോഗ്യത നേടാന്‍ സമനില മാത്രം മതിയായിരുന്ന ക്യുറസാവോ ജമൈക്കയുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം അതിജീവിച്ചാണ് വിരോചിത സമനില പിടിച്ചെടുത്തത്. ജമൈക്കയുടെ ഗോളെന്നുറച്ച മൂന്ന് ഷോട്ടുകള്‍ ക്യുറസാവോയുടെ പോസ്റ്റില്‍ തട്ടി മടങ്ങി അവരുടെ ചെറുത്തുനില്‍പ്പിന് ഊര്‍ജ്ജമായി.
കളിയുടെ അവസാന നിമിഷം വരെ നാടകീയത നിറഞ്ഞു നിന്നു. ഇഞ്ചുറി ടൈമില്‍ ജമൈക്കൻ താരം ഡുജുവാന്‍ റിച്ചാർഡ്സിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് ജമൈക്കക്ക് അനുകൂലമായി റഫറി പെനല്‍റ്റി കിക്ക് വിധിച്ചു. ഇതോടെ തോല്‍വി മുന്നില്‍ കണ്ട ക്യുറസാവോ ആരാധകർക്ക് വീണ്ടും ട്വിസ്റ്റ് സമ്മാനിച്ച് വാര്‍ പരിശോധനയില്‍ പെനല്‍റ്റി റദ്ദായി. ഡച്ചുകാരനയ ഡിക് അഡ്വക്കേറ്റ് പരിശീലിപ്പിക്കുന്ന ക്യുറസോ പരിശീലകനില്ലാതെയായിരുന്നു ജമൈക്കക്കെതിരായ നിര്‍ണായ പോരാട്ടത്തിന് ഇറങ്ങിയത്. കുടുംബപരമായ അത്യാവശ്യവുമായി വിട്ടു നിന്നതിനാലാണ് അഡ്വക്കേറ്റിന് ടീമിന്‍റെ ചരിത്രനേട്ടത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ കഴിയാതെ പോയത്. മുന്‍ ഇംഗ്ലണ്ട് പരിശീലകനായ സ്റ്റീവ് മക്ലാരനായിരുന്നു ജമൈക്കയുടെ പരിശീലകന്‍.
2018ലെ റഷ്യൻ ലോകകപ്പിന് യോഗ്യത നേടിയ 3.5 ലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലന്‍ഡിന്‍റെ റെക്കോര്‍ഡ് മറികടന്നാണ് ക്യുറസാവോ ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായത്. ആറ് മത്സരങ്ങളില്‍ 12 പോയന്‍റുമായി പരാജയമറിയാതെ യോഗ്യതാ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തിയാണ് ക്യുറസാവോ ലോകകപ്പിന് ടിക്കറ്റെടുത്തത്. യോഗ്യതാ മത്സരത്തില്‍ ബര്‍മുഡക്കെതിരെ എതിരില്ലാത്ത ഏഴ് ഗോള്‍ ജയവും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ള ജമൈക്കയുമായി ഒരു പോയന്‍റ് വ്യത്യാസത്തിലാണ് ക്യുറസാവോ യോഗ്യത ഉറപ്പാക്കാനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!