
ബെല്‍ഗ്രേഡ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിൽ സെർബിയക്കെതിരെ പോർച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിജയഗോൾ നിഷേധിച്ച റഫറി ടീമിനോട് മാപ്പ് പറഞ്ഞു. മത്സര ശേഷമാണ് ഡച്ച് റഫറി ഡാനി മക്കലി ഡ്രസിംഗ് റൂമിലെത്തി മാപ്പ് പറഞ്ഞതെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് വ്യക്തമാക്കി.
ഇഞ്ചുറിടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ റഫറി അനുവദിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ നില്‍ക്കുകയായിരുന്നു ഈസമയം. ബെല്‍ഗ്രേഡിലെ റെഡ് സ്റ്റാര്‍ സ്റ്റേഡിയത്തില്‍ അവസാന സെക്കന്‍ഡുകളിലായിരുന്നു നാടകീയത കളംവാണത്. ഡീഗോ ജോട്ടയുടെ ഇരട്ട ഗോളില്‍(11, 36) രണ്ട് ഗോള്‍ ലീഡെടുത്തിരുന്നു തുടക്കത്തിലെ പോർച്ചുഗല്‍. എന്നാല്‍ 46, 60 മിനുറ്റുകളില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച്, ഫിലിപ് കോസ്റ്റിച് എന്നിവര്‍ സെര്‍ബിയക്കായി വല ചലിപ്പിച്ചതോടെ സ്‌കോര്‍നില 2-2 ആയി.
ഇഞ്ചുറിടൈമില്‍ ബോക്‌സിന്‍റെ വലതുഭാഗത്തു നിന്ന് കുതിച്ചെത്തിയ റോണോ അസാധ്യമായ നിന്ന് ആംഗിളില്‍ പന്ത് ഗോള്‍ബാറിന് കീഴേക്ക് ചെത്തിവിട്ടു. സെര്‍ബിയന്‍ നായകന്‍ മിട്രോവിച്ച് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ലൈന്‍ കടന്നിരുന്നു. എന്നാല്‍ ഗ്രൗണ്ട് റഫറിയും ലൈന്‍ റഫറിയും മുഖംതിരിച്ചു. ഇതോടെ ലൈന്‍ റഫറിക്കടുത്തെത്തി തര്‍ക്കിച്ച റൊണാള്‍ഡോയ്‌ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. കുപിതനായ റൊണാള്‍ഡോ ഫൈനല്‍ വിസിലിന് മുമ്പ് നായകന്‍റെ ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് കളംവിട്ട് പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. മത്സരം 2-2ന് സമനിലപ്പൂട്ടില്‍ അവസാനിക്കുകയും ചെയ്തു.
സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഫിഫയ്‌ക്കും യുവേഫയ്‌ക്കും റഫറിക്കും എതിരെ ഉയര്‍ന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഫിഫ ഗോൾലൈൻ സാങ്കേതികത നിർബന്ധമാക്കിയിട്ടില്ല. മത്സരശേഷം കളിയുടെ റീപ്ലേ കണ്ടാണ് റഫറി പോർച്ചുഗൽ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റേസിന്‍റെ അടുത്തെത്തി തന്‍റെ പിഴവില്‍ മാപ്പുപറഞ്ഞത്.
മണല്‍പ്പരപ്പില്‍ അത്ഭുതം തുടരാന്‍ നീലപ്പട; ഇന്ന് യുഎഇയ്‌ക്കെതിരെ, ടീമില്‍ സര്‍പ്രൈസ് തുടരും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!